
ചെന്നൈ-സൂപ്പര്‍ താരം രജനീകാന്തിനെ ന്യായീകരിച്ച് രംഗത്തുവന്ന മകള്‍ ഐശ്വര്യയെ ന്യായീകരിച്ച് രജനീകാന്തും രംഗത്ത്. സംഘി എന്നത് മോശം വാക്കായി മകള്‍ ഐശ്വര്യ പറഞ്ഞിട്ടില്ലെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവ് സംഘിയല്ലെന്ന ഐശ്വര്യയുടെ വാക്കുകള്‍ ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് രജനികാന്തിന്റെ വിശദീകരണം.
മകള്‍ സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെട്ട തന്റെ പിതാവിനെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവള് ചോദിച്ചത്- രജനികാന്ത് പറഞ്ഞു.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത രജനികാന്തിനെ സംഘിയെന്ന് വിളിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിരുന്നു. ഇതില്‍ അസ്വസ്ഥയായാണ് ഐശ്വര്യ തന്റെ പിതാവ് സംഘിയല്ലെന്നും അങ്ങനെയൊരാള്‍ക്ക് ‘ലാല്‍ സലാം’ പോലൊരു സിനിമ ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞ് രംഗത്തുവന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കുന്ന ആളാണ് താനെന്നും എന്നാല്‍ ചില പോസ്റ്റുകള്‍ കാണുമ്പോള്‍ ദേഷ്യം വരുമെന്നും തങ്ങളും മനുഷ്യരാണെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തിരുന്നു.
പൊതുവെ സമൂഹ മാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നയാളാണ് ഞാന്‍. പക്ഷെ എന്റെ ടീം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നെ അറിയിക്കാറുണ്ട്. കൂടാതെ ചില പോസ്റ്റുകള്‍ കാണിച്ചുതരും. അത് കാണുമ്പോള്‍ ദേഷ്യം വരും. കാരണം ഞങ്ങളും മനുഷ്യരാണ്. ഈ അടുത്ത കാലത്ത് എന്റെ അച്ഛനെ പലരും സംഘി എന്ന് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ അര്‍ഥം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതിനെക്കുറിച്ച് ഞാന്‍ ഒരാളോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഈ അവസരത്തില്‍ ഞാന്‍ ഒരുകാര്യം പറയാന്‍ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കില്‍ ലാല്‍ സലാം പോലൊരു ചിത്രം അദ്ദേഹം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ള ആള്‍ക്ക് മാത്രമേ ഈ ചിത്രം ചെയ്യാനാകൂ- ഇതായിരുന്നു ഐശ്വര്യയുടെ വാക്കുകള്‍.
ഐശ്വര്യ രജനികാന്താണ് ‘ലാല്‍ സലാം’ സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. വിഷ്ണു വിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രജനി എത്തുന്നത്. ‘മൊയ്ദീന് ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)