
ദില്ലി: രാമക്ഷേത്രം തുറന്നതോടെ ക്ഷേത്രനഗരിയായി മാറിയ അയോധ്യയിൽ കച്ചവടക്കാർ കഴുത്തറുപ്പൻ വില ഈടാക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രണ്ട് ചായയും ബ്രഡും കഴിച്ചതിന് 252 രൂപ ഈടാക്കിയതിൽ നടപടിയുമായി അധികൃതർ. സാധാരണ ഹോട്ടലിലാണ് ഇത്രയും വില ഈടാക്കിയത്. ബില്ലിന്റെ ചിത്രം ഉപഭോക്താവ് പങ്കുവെച്ചു. അരുന്ധതി ഭവനിലുള്ള ശബരി രസോയ് എന്ന ഹോട്ടലാണ് ഉപഭോക്താവിൽ നിന്ന് അമിതമായ തുക ഈടാക്കിയത്. ഗുജറാത്ത് സ്വദേശികളുടേതാണ് ഹോട്ടല്‍. സംഭവം വൈറലായതിന് പിന്നാലെ പ്രാദേശിക അധികൃതർ ഹോട്ടലിന് നോട്ടീസ് നൽകി.
മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കി അയോധ്യ വികസന അതോറിറ്റി ഹോട്ടല്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കി. ബജറ്റ് വിഭാഗത്തില്‍ വരുന്ന ഭക്ഷണശാലയില്‍ ചായക്കും ബ്രഡിനും 10 രൂപ വീതം മാത്രമേ ഈടാക്കാവൂ എന്നാണ് കരാറെന്നും അധികൃതർ പറഞ്ഞു. കരാർ പ്രകാരം 40 രൂപ മാത്രമേ ഈടാക്കാവൂ. എന്നാൽ ഒരു ചായക്ക് 55 രൂപയും ബ്രഡിനും 65 രൂപയുമാണ് ഈടാക്കിയത്. ജിഎസ്ടി സഹിതം 252 രൂപ ഹോട്ടൽ ഈടാക്കി.
ബില്ല് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഹോട്ടലുടമകളുടെ വാദം. സ്റ്റാർ ഹോട്ടലിലെ സൗകര്യമാണ് നൽകുന്നതെന്ന് ശബരി രസോയി ഹോട്ടല്‍ അധികൃതർ പറഞ്ഞു. അയോധ്യ വികസന സമിതിയുടെ നോട്ടിസിന് മറുപടി നല്‍കിയെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.
രാമക്ഷേത്രം തുറന്നതിന് പിന്നാലെ പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് അയോധ്യയിലേക്കെത്തുന്നത്. അയോധ്യയില്‍ നിന്ന് പ്രതിവർഷം കോടികളുടെ രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അയോധ്യക്ക് ശേഷം യുപി ജിഡിപിയിൽ നാല് ലക്ഷം കോടിയുടെ വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Last Updated Jan 29, 2024, 1:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]