
ഓസ്ട്രിയക്കാരനായ വിഖ്യാത ചിത്രകാരന് ഗുസ്താവ് ക്ലിംറ്റിന്റെ (1862 – 1918) നഷ്ടപ്പെട്ടെന്ന് കരുതിയ ഒരു അത്യപൂര്‍വ്വ ചിത്രം 100 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ‘ഫ്രോലിന്‍ ലൈസറിന്റെ ഛായാചിത്രം’ (Portrait of Fraulein Lieser) എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ 100 വര്‍ഷമായി അപ്രത്യക്ഷമായിരുന്നു. ഒടുവില്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നിന്ന് തന്നെ ചിത്രം കണ്ടെത്തി. വരുന്ന ഏപ്രിലില്‍ 24 ന് ചിത്രം ലേലത്തിന് വയ്ക്കുമെന്ന് ലേല സ്ഥാപനമായ വിയന്നയിലെ കിൻസ്കി ആർട്ട് ലേല ഹൗസ് വ്യക്തമാക്കി. ചിത്രത്തിന് 448 കോടി രൂപ (54 മില്യണ്‍ യുഎസ് ഡോളര്‍) വില വരുമെന്ന് ലേലസ്ഥാപനം അറിയിച്ചു. 1917 ലാണ് ഗുസ്താവ് ക്ലിംറ്റ് ഫ്രോലിന്‍ ലൈസറിന്റെ ഛായാചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു.
1925 ലാണ് ചിത്രം ഏറ്റവും അവസാനമായി പൊതുപ്രദര്‍ശനത്തിന് വച്ചത്. അന്ന് ചിത്രം ഓസ്ട്രിയയിലെ ഒരു ജൂത കുടുംബത്തിന്റെ കൈവശമായിരുന്നു. കഴിഞ്ഞ നൂറ് വര്‍ഷമായി ചിത്രത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1960 ലാണ് ചിത്രം ഇപ്പോഴത്തെ ഉടമസ്ഥനിലേക്ക് എത്തി ചേര്‍ന്നത്. ഒരു നൂറ്റണ്ടോളം അപ്രത്യക്ഷമായിരുന്ന ചിത്രം മോഹവിലയ്ക്ക് വിറ്റ് പോകുമെന്ന് ലേല സ്ഥാപനം പ്രതീക്ഷ പ്രകടിപ്പിച്ചു. വിയന്നയിലെ ലോകോത്തര ചിത്രകാരന്മാരിലൊരാളാണ് ഗുസ്താവ് ക്ലിംറ്റ്. അദ്ദേഹം ഓസ്ട്രിയന്‍ മോഡേണിസത്തിന്റെ പ്രധാന വ്യക്തികളില്‍ ഒരാളാണെന്നും കിൻസ്കി ആർട്ട് ലേല ഹൗസ് അറിയിച്ചു.
ഗുസ്താവ് ക്ലിംറ്റ് വരച്ച ഓസ്ട്രിയയിലെ ഉയര്‍ന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ ഛായചിത്രങ്ങള്‍ ലോകമെങ്ങും അംഗീകാരങ്ങള്‍ നേടി. ഈ ചിത്രങ്ങള്‍ ഗുസ്താവിന് അന്താരാഷ്ട്രാതലത്തില്‍ തന്നെ ഉയര്‍ന്ന അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. അതേ സമയം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് ലേലത്തിന് എത്തിയിരുന്നത്. ചിത്രകാരന്റെ പ്രത്യേകതകളും ചിത്രങ്ങളുടെ അപൂര്‍വ്വതയും കാരണം മദ്ധ്യയൂറോപ്പില് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലേലത്തിന് എത്തിയിരുന്നില്ല. ഏപ്രിലില്‍ ചിത്രം ലേലത്തിന് വയ്ക്കും മുമ്പ് ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുമെന്ന് ലേല ഹൌസ് അറിയിച്ചു. ഗുസ്താവ് ക്ലിംറ്റിന്റെ ഏറ്റവും പ്രശസ്തമായ പെയിംറ്റിഗുകളില് ഒന്നാണ് ‘ദി കിസ്’.
Last Updated Jan 29, 2024, 10:06 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]