
ദില്ലി: കരിങ്കൊടി കണ്ടാൽ റോഡിലിറങ്ങുന്ന ഗവർണർക്ക് ഇനിയങ്ങനെ ചെയ്യണമെങ്കിൽ സിആർപിഎഫിനോട് ചോദിക്കേണ്ടി വരുമെന്ന് സംസ്ഥാന സർക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഗവർണർക്ക് പ്രതിഷേധം കണ്ട് പുറത്തിറങ്ങണമെന്ന് തോന്നിയാലും അവരൊട്ട് സമ്മതിക്കുകയുമില്ല. അതായത് ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്.
അതനുസരിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരേ പ്രകോപനവുമായി പാഞ്ഞു ചെന്നത് ഗവർണറാണെന്ന് വീഡിയോ കണ്ടാൽ മനസിലാകും. സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയിൽ നാടകം കളിച്ച ഗവർണറെ പൂട്ടിയിടുകയാണ് കേന്ദ്രസേനയുടെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കെ വി തോമസ് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് ഇന്നലെ മടങ്ങിയിരുന്നു.
കൊല്ലം നിലമേലിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 12 എസ്എഫ്ഐ പ്രവര്‍ത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല്ലം കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തതോടെയാണ് പ്രവര്‍ത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ ഗവര്‍ണറെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ വിമര്‍ശിച്ചത്. ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ചെയ്യാൻ പാടില്ലാത്തതാണെന്നും കുറ്റപ്പെടുത്തി.
പൊലീസിന്റെ പണി അവര്‍ ചെയ്യും. എഫ്ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ? എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ? ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി. ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്. സിആർപിഎഫിന് കേസെടുക്കാനാകുമോ ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Last Updated Jan 28, 2024, 4:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]