
ഡെറാഡൂൺ: ഉത്തരാഖണ്ഡ് വഖഫ് ബോർഡിന് കീഴിലുള്ള മദ്റസകളിൽ അടുത്ത അക്കാദമിക് വർഷം മുതൽ രാമായണം സിലബസിന്റെ ഭാഗമാക്കാൻ തീരുമാനം. ബോർഡിന് കീഴിലുള്ള 117 മദ്രസകളിലാണ് രാമായണം പഠിപ്പിക്കുക. ഡെറാഡൂൺ, ഹരിദ്വാർ, നൈനിതാൾ, ഉദംസിംഗ് നഗർ ജില്ലകളിലെ നാല് മദ്റസകളിലാണ് ആദ്യം രാമായണം സിലബസിൽ ഉൾപ്പെടുത്തുക. അധ്യാപകരെ നിയമിച്ച ശേഷം ബാക്കിയുള്ള 113 മദ്റസകളിലും രാമായണം പാഠഭാഗമാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഞങ്ങൾ ഖുറാനൊപ്പം രാമായണവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. ജ്യേഷ്ഠന് വേണ്ടി എല്ലാം ഉപേക്ഷിച്ച ലക്ഷ്മണനെ കുറിച്ച് വിദ്യാർഥികളോട് പറയുമ്പോൾ സിംഹാസനം ലഭിക്കാൻ വേണ്ടി സഹോദരന്മാരെ കൊന്ന ഔറംഗസേബിനെക്കുറിച്ച് അവരോട് എന്തെങ്കിലും പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുത്ത നാല് മദ്റസകളിലും ഡ്രസ് കോഡ് കൊണ്ടുവരും. നാല് മദ്റസകളിലേക്കും പ്രിൻസിപ്പൽമാരെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളെ രാമായണം നന്നായി പഠിപ്പിക്കാൻ അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ പ്രിൻസിപ്പൽമാർക്ക് അധികാരം നൽകും. വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. തിരഞ്ഞെടുത്ത നാല് മദ്റസകൾ സ്മാർട്ട് ക്ലാസുകളോടെ മാതൃകാ മദ്റസകളോ ആയി വികസിപ്പിക്കും. സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ബുക്കുകൾ അവതരിപ്പിക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.
Last Updated Jan 28, 2024, 7:48 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]