
9:59 PM IST:
കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണ്. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുന്നു. പ്രതിപക്ഷം കേന്ദത്തിന് കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വായ്പാ പരിധി വെട്ടിക്കുറച്ചു. ആറായിരം കോടിയുടെ കുറവ് 2023- 24 കാലയളവിൽ ഉണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യാ പരിധി വെച്ച് നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവക്കാനാകില്ല. അത്തരത്തിൽ ഒരു ബ്രാന്റിംഗിനും കേരളം തയ്യാറല്ല.
9:58 PM IST:
നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണ്ണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
8:03 AM IST:
എൻഡിഎയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്ന് സൂചന. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടും നിതീഷ് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കി ആർജെഡി നേതൃത്വം രംഗത്തെത്തി. നിതീഷിൻ്റെ നീക്കത്തിൽ ജെഡിയുവിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുൻ അധ്യക്ഷൻ ലലൻ സിംഗടക്കം ഒരു വിഭാഗം നേതാക്കൾ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എൻഡിഎയിലേക്ക് പോകുമെന്ന നിലപാടിലാണ് നിതീഷ് കുമാർ.
8:03 AM IST:
ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് സംസ്ഥാനത്ത് ഓൺ ലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവം. തട്ടിപ്പ് സംഘവുമായി സഹകരിച്ച 22 അക്കൗണ്ടുകളെ കുറിച്ച് പൊലീസ് സമഗ്ര അന്വേഷണം തുടങ്ങി. വിദേശത്തു നിന്നാണ് തട്ടിപ്പ് സംഘം ഈ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നത്. ഇങ്ങിനെ തട്ടിപ്പ് നടന്ന ഒരു അക്കൗണ്ടിലൂടെ പത്ത് ദിവസം കൊണ്ട് മറിഞ്ഞത് അഞ്ചരക്കോടിയാണ്. ഈ അക്കൗണ്ട് ഉടമ മുഹമ്മദ് സോജിൻ ഇപ്പോൾ അറസ്റ്റിലാണ്.
8:02 AM IST:
മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറിൽ ഇന്ന് ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേരും. പാറ്റ്നയിൽ നടക്കുന്ന യോഗത്തിൽ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി. ഇതിനിടെ നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
8:02 AM IST:
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 13 വർഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻ ഐ എ ഉടൻ കോടതിയിൽ സമർപ്പിക്കും.