
ബംഗളൂരു നഗരത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ആദ്യം മനസിൽ വരുന്നത് അവിടുത്തെ തിരക്കായിരിക്കും. മണിക്കൂറുകളോളമാണ് വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, സ്വന്തം കല്ല്യാണത്തിന് വൈകിച്ചെല്ലേണ്ടുന്ന അവസ്ഥ വന്നാലോ? റോഡ് യാത്രയെ വിശ്വസിക്കാൻ പറ്റില്ല. എന്തായാലും, അടുത്തിടെ ഒരു യുവതി ഈ പ്രശ്നം ഒഴിവാക്കുന്നതിന് വേണ്ടി വളരെ വ്യത്യസ്തവും പ്രാക്ടിക്കലുമായ ഒരു മാർഗം സ്വീകരിച്ചു.
സ്വന്തം കല്ല്യാണത്തിന് യുവതി മെട്രോയിലാണ് കല്ല്യാണസ്ഥലത്തേക്ക് പോയത്. വിവാഹവസ്ത്രത്തിൽ മെട്രോയിൽ സഞ്ചരിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് യുവതി പോകുന്നത്. യുവതി മെട്രോ സ്റ്റേഷനിൽ നിൽക്കുന്നതും കൈവീശിക്കാണിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. പിന്നീട് മെട്രോയിൽ കയറിയ ശേഷം കൂട്ടുകാർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും കാണാം. വിവാഹവേദിയിലെത്തുന്ന വധുവിനെയും വീഡിയോയിൽ കാണിക്കുന്നുണ്ട്.
‘വാട്ട് എ സ്റ്റാർ, സ്മാർട്ടായ ബംഗളൂരു വധു ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നതിന് പകരം മുഹൂർത്തത്തിന് വിവാഹവേദിയിൽ എത്താനായി വാഹനമുപേക്ഷിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നു’ എന്ന് വീഡിയോയിൽ കുറിച്ചിട്ടുണ്ട്. വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങി തന്നെയാണ് യുവതി മെട്രോയിൽ കയറുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ‘വളരെ പ്രാക്ടിക്കലായ ആളെ’ന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ‘അവൾ ഒരു സന്തോഷപൂർണമായ ജീവിതം തന്നെ ജീവിക്കും. ഈ പ്രായോഗികമായ ചിന്ത തന്നെ അതിന് ഉറപ്പ് നൽകുന്നു’ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും, ബംഗളൂരുവിലെ ട്രാഫിക് ഒഴിവാക്കാൻ വിവാഹമായാലും ഇതൊരു മികച്ച മാർഗം തന്നെ എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 27, 2024, 1:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]