
പാട്ന: ബി ജെ പിക്കൊപ്പം സർക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാർ അധ്യക്ഷൻ രംഗത്തെത്തിയതോടെ ഇന്ത്യ സഖ്യത്തിന് ആശ്വാസം. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എൻ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ജെ ഡി യു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ നിഷേധിച്ചു. ഇന്ത്യ സഖ്യത്തിൽ തുടരുമെന്ന് ജെ ഡി യു ബിഹാർ അധ്യക്ഷൻ വ്യക്തമാക്കി.
എന്നാൽ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീൽ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാർ അടക്കം ആരുടെ മുന്നിലും എൻ ഡി എയുടെ വാതിലുകൾ അടച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീൽ മോദി അഭിപ്രായപ്പെട്ടു. അതിനിടെ ബി ജെ പി ദേശീയ നിർവഹക സമിതി യോഗം ശനി, ഞായർ ദിവസങ്ങളിൽ ബിഹാറിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹസഖ്യം വിട്ട് എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
Last Updated Jan 27, 2024, 12:10 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]