
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്/ജിദ്ദ – ഇന്ത്യയുടെ 75 ാം റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലും നടന്നു. റിയാദില്‍ അംബാസഡര്‍ സുഹൈല്‍ ഐജാസ് ഖാന് പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെക്കുകയും ചെയ്തു.
ജിദ്ദ കോണ്‍സുലേറ്റ് അങ്കണത്തിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം നടത്തിയ പുഷ്പാര്‍ച്ചനക്കു ശേഷം ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ദേശീയ ഗാനാലാപനത്തോടെയായിരുന്നു ആഘോഷ പരിപാടികളുടെ തുടക്കം. കോണ്‍സുലേറ്റ് അങ്കണം തിങ്ങിനിറഞ്ഞ ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യത്തില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം വായിച്ചു. ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിവരിച്ച കോണ്‍സല്‍ ജനറല്‍ കഴിഞ്ഞ ഒരു വര്‍ഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപ്പാക്കിയ നയങ്ങളും പരിപാടികളും വിശദീകരിച്ചു. കോണ്‍സല്‍മാര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പേര് ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ദേശ ഭക്തി ഗാനാലാപനം ചടങ്ങിന് കൊഴുപ്പേകി.
കോണ്‍സല്‍ ജനറലും പത്നി ഡോ. ഷക്കീല ഖാത്തൂനും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ദേശീയ ഗാനാലാപനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോണ്‍സല്‍ ജനറല്‍ ചടങ്ങില്‍ വിതരണം ചെയ്തു. കാലിഗ്രാഫിയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച ആമിന മുഹമ്മദ് ബൈജുവിനെയും സര്‍ട്ടിഫിക്കറ്റ് നല്കി കോണ്‍സല്‍ ജനറല്‍ ആദരിച്ചു.
ജിദ്ദ ഇന്റര്‍നാഷല്‍ ഇന്ത്യന്‍ സ്കൂളിലും വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. സ്കൂള്‍ വിദ്യാര്‍ഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി.