

കൽപ്പറ്റ: ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അലീന ബെന്നിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. അദ്ധ്യാപരുടെ കുറ്റപ്പെടുത്തലാണ് കുട്ടി ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. അലീനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്കൂളിന്റെ വാർഷികം ആഘോഷത്തിനുള്ള പണം കണ്ടെത്തുന്നതിനായി സമ്മാന കൂപ്പൺ ഇറക്കിയിരുന്നു. വിദ്യാർത്ഥികളെയാണ് പണം പിരിക്കാനായി അദ്ധ്യാപകർ ചുമതലപ്പെടുത്തിയത്. എന്നാൽ അലീനയ്ക്ക് ലഭിച്ച കൂപ്പൺ മുഴുവൻ വിറ്റു തീർക്കാൻ സാധിച്ചില്ല. ബാക്കി വന്ന ടിക്കറ്റുകൾ തിരികെ കൊടുത്തെന്ന് അലീനയും കൂപ്പൺ കിട്ടിയില്ലെന്ന് ടീച്ചറും പറഞ്ഞതായി വീട്ടുകാർ ആരോപിക്കുന്നു.
കൂപ്പൺ തിരികെ നൽകിയില്ലെന്ന ആരോപണം അലീനയെ അലട്ടിയിരുന്നു. ക്ലാസ് ടീച്ചർ ഫോണിൽ വിളിച്ച് സംസാരിച്ച ശേഷം അലീന മാനസികമായി തളർന്നിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ടീച്ചർ എന്താണ് പറയുന്നതെന്ന് അറിയില്ലെന്നും തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്നും മകൾ പറഞ്ഞിരുന്നുവെന്ന് അമ്മയും പറയുന്നു. ശനിയാഴ്ചയായിരുന്നു സ്കൂൾ വാർഷികം, അന്നേ ദിവസം തന്നെ അലീന ജീവനൊടുക്കുകയായിരുന്നു.
എന്നാൽ ആരോപണങ്ങളെ തള്ളുകയാണ് സ്കൂൾ മാനേജ്മെന്റ്. കൂപ്പൺ തിരികെ കിട്ടിയതായി കണ്ടെത്താനായിട്ടില്ല. എന്നാൽ അതിന്റെ പേരിൽ വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തിയിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കുടുബത്തിന്റെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.