

First Published Jan 25, 2024, 1:21 PM IST
പ്രായമാകുംതോറും ആരോഗ്യപ്രശ്നങ്ങള്‍ ഓരോന്നായി നമ്മെ തേടിയെത്താം. പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യത്തില്‍ ബലക്ഷയം സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം ആരംഭം ഏറെ പ്രയാസകരമായിരിക്കും.
ശരീരം അതിന്റെ ഏറെ കാലത്തെ പ്രവര്‍ത്തനരീതി വിട്ട് വഴി മാറി സഞ്ചരിക്കാൻ തുടങ്ങുമ്പോള്‍ അത് തീര്‍ച്ചയായും പ്രയാസങ്ങള്‍ സൃഷ്ടിക്കുമല്ലോ. ഇത്തരത്തില്‍ പ്രായം നമ്മുടെ ശരീരത്തെ വിവിധ രീതിയില്‍ ബാധിച്ചുതുടങ്ങി എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
സ്കിൻ…
തൊലിപ്പുറത്ത് വരുന്ന വ്യത്യാസങ്ങളാണ് കാര്യമായും പ്രായത്തെ സൂചിപ്പിക്കുക. തൊലിയുടെ ഇലാസ്റ്റിസിറ്റിയും (വഴക്കം), ജലാംശവും നഷ്ടപ്പെട്ട് തൊലി വല്ലാതെ മുറുകിയും ഡ്രൈ ആയും കാണപ്പെടുക, തൊലിപ്പുറത്ത് ചെറിയ വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുക എന്നീ കാര്യങ്ങളാണ് പ്രധാനമായും പ്രായത്തെ സൂചിപ്പിക്കുന്നത്. നല്ലൊരു സ്കിൻ കെയര്‍ റുട്ടീനും, പതിവായി മോയിസ്ചറൈസറുപയോഗിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും സുഖകരമായി ഉറങ്ങുന്നതുമെല്ലാം സ്കിൻ നല്ലരീതിയില്‍ സൂക്ഷിക്കാൻ സഹായിക്കും.
മസില്…
മസിലിന്റെ ബലവും പുഷ്ടിയും നഷ്ടപ്പെടുന്നതും പ്രായമായി എന്ന സൂചനയാണ്. നമ്മള് നിത്യേന ചെയ്യുന്ന ശാരീരികപ്രവര്ത്തനങ്ങളെയെല്ലാം ഇത് ബാധിക്കും. തളര്‍ച്ചയുണ്ടാകും. ശരീരവേദന അനുഭവപ്പെടും. കായികമായ ജോലികള്‍ ഏറെ ചെയ്യാൻ സാധിക്കാതെ വരും. പതിവായ വ്യായാമവും ആരോഗ്യകരമായ ഡയറ്റുമുണ്ടെങ്കില്‍ മസിലുകളുടെ ആരോഗ്യം കുറച്ചൊക്കെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും.
കാഴ്ച…
പ്രായമേരുമ്പോള് അത് നമ്മുടെ കാഴ്ചാശക്തിയെയും ബാധിക്കുമെന്ന് ഏവര്‍ക്കുമറിയാം. രാത്രിയിലെ കാഴ്ച കുറയുക, അടുത്തുള്ള സാധനങ്ങളെയാണെങ്കിലും ഫോക്കസ് ചെയ്യാൻ പ്രയാസം വരിക എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പ്രായം കാഴ്ചയെ ബാധിച്ചതിന്റെ സൂചനയായി നമുക്കെടുക്കാവുന്നത്. തിമിരം പോലുള്ള രോഗങ്ങളും ഈ ഘട്ടത്തില്‍ കണ്ടെത്തപ്പെടാം. പ്രായം കാഴ്ചശക്തിക്ക് വലിയ തിരിച്ചടി ആകാതിരിക്കാൻ കണ്ണിന് കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്താം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ നേരത്തെ തന്നെ ചികിത്സ തുടങ്ങുന്നത് കാഴ്ച നഷ്ടപ്പെടുന്നത് പോലുള്ള സങ്കീര്‍ണതകളില്‍ നിന്ന് സംരക്ഷിക്കും.
വണ്ണം…
പ്രായമേറും തോറും നമ്മുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനവും മന്ദഗതിയിലായിരിക്കും. ഇതിന്റെ ഭാഗമായി ദഹനവും കുറയുന്നു. ദഹനപ്രശ്നങ്ങള്‍ നേരിടാം, അതുപോലെ തന്നെ വണ്ണം കൂടുകയും ചെയ്യാം.
എയറോബിക് എക്സര്‍സൈസുകള്‍, സ്ട്രെങ്ത് ട്രെയിനിംഗ് എന്നിവയെല്ലാം ചെയ്യുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കും.
എല്ലുകള്‍…
മസിലുകളുടെ കാര്യം പറഞ്ഞതുപോലെ തന്നെ എല്ലുകളുടെ ആരോഗ്യം ക്ഷയിച്ചുവരികയും തന്മൂലം ശരീരവേദന പതിവാകുകയും ചെയ്യുന്നത് പ്രായം ആരോഗ്യത്തെ ബാധിച്ചു എന്നതിന്റെ ഒരു സൂചനയാണ്. ശരീരവേദനയ്ക്ക് പുറമെ തളര്‍ച്ച, കായികമായ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കാത്ത അവസ്ഥ, എളുപ്പത്തില്‍ പൊട്ടല്‍ വീഴുന്നു എന്നതെല്ലാം എല്ലുകളുടെ ദുര്‍ബലതയാണ് സൂചിപ്പിക്കുന്നത്.
വൈറ്റമിൻ ഡി, കാത്സ്യം എന്നിവ ഭക്ഷണത്തിലൂടെയും അല്ലാതെയും ഉറപ്പിക്കുക, വെയിറ്റ് ബെയറിംഗ് എക്സര്‍സൈസുകള്‍ എന്നിവ ചെയ്യുക – ഇതിലൂടെ എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കാം.
കേള്‍വി…
പ്രായം കണ്ണുകളെ ബാധിക്കുന്നു എന്ന് പറയുംപോലെ തന്നെ കേള്‍വിയെയും ബാധിക്കാം. കേള്‍വിക്കുറവ് എന്നതിലധികം ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് പ്രായം കേള്‍വിയെ ബാധിക്കുന്നു എന്നതിന്റെ ഒരു സൂചന. കൃത്യമായ ഇടവേളകളില്‍ ചെവി പരിശോധന നടത്തുക എന്നതാണ് ചെയ്യാനുള്ള കാര്യം. എന്തെങ്കിലും കേള്‍വിസംബന്ധമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത് സമയബന്ധിതമായി കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും.
ഓര്‍മ്മ…
പ്രായം നമ്മെ ബാധിക്കുന്നു എന്നതിന്റെ മറ്റൊരു പ്രധാന സൂചനയാണ് ഓര്‍മ്മക്കുറവ്. പ്രായമേറുമ്പോള്‍ തലച്ചോറിന്റെ ആരോഗ്യം ക്ഷയിച്ചുവരുന്നതിന്റെ ഭാഗമായാണ് മറവി ബാധിക്കുന്നത്. ബുദ്ധിയെ ഉണര്‍ത്തുന്ന, സജീവമാക്കി നിര്‍ത്തുന്ന പ്രവൃത്തികള്‍, ഗെയിമുകള്‍, പഠനം, ക്രിയാത്മകമായ കാര്യങ്ങള്‍ എല്ലാം വലിയൊരു പരിധി വരെ പ്രായം തലച്ചോറിനെ ബാധിക്കുന്നത് തടയും.
പല്ലുകള്‍…
പല്ലുകളില്‍ കൂടെക്കൂടെ ഓരോ പ്രശ്നങ്ങളായി ഉയര്‍ന്നുവരുന്നതും പ്രായം ബാധിക്കുന്നു എന്നതിന്റെ ലക്ഷണമായി കൂട്ടാം. പല്ല് പൊട്ടല്‍, മോണരോഗം-അനുബന്ധപ്രശ്നങ്ങള്‍, പല്ലില്‍ നിറവ്യത്യാസം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം. ജീവിതരീതികള്‍ ആരോഗ്യകരമാക്കുന്നതോടെ കുറെയൊക്കെ ഡെന്റല്‍ പ്രശ്നങ്ങള്‍ പ്രായമാകുമ്പോഴും നമുക്കൊഴിവാക്കാൻ സാധിക്കും.
ചൂട്…
പ്രായം ആരോഗ്യത്തെ ബാധിക്കുന്നതിന്റെ മറ്റൊരു ലക്ഷണമാണ് തീവ്രമായ കാലാവസ്ഥകളും, കാലാവസ്ഥയിലെ മാറ്റവും സഹിക്കാനാകാത്ത അവസ്ഥ. ചൂടും തണുപ്പും ഒരുപോലെ പ്രശ്നമായി വരാം. ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം, സ്ട്രെസില്ലാത്ത പരിസരം എല്ലാം ഒരു പരിധി വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Jan 25, 2024, 1:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]