
തിരുവനന്തപുരം: വീടുജോലിക്ക് നിന്ന നേപ്പാൾ സ്വദേശിനിയുടെ സഹായത്തോടെ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം വർക്കല ഹരിഹരപുരം എൽ.പി സ്കൂളിന് സമീപം ലൈം വില്ലയിൽ വീട്ടു ജോലിക്ക് 15 ദിവസമായി ഉണ്ടായിരുന്ന നേപ്പാൾ സ്വദേശിനിയായ യുവതിയാണ് ഭക്ഷണത്തിൽ ലഹരി കലർത്തിയത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. വീട്ടിൽ താമസിച്ചിരുന്ന ശ്രീദേവി അമ്മ (74), മരുമകൾ ദീപ, ഹോം നേഴ്സ് സിന്ധു എന്നിവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. ശ്രീദേവി അമ്മയുടെ മകൻ ബാംഗൂരിൽ നിന്നും രാത്രി ഭാര്യ ദീപയെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടർന്ന് സമീപവാസിയായ ബന്ധുവിനെ വിളിച്ചു. ബന്ധു വിവരം അന്വേഷിക്കാനായി ഈ വീട്ടിൽ എത്തുമ്പോൾ നാലോളം പേർ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുന്നതാണ് കാണുന്നത്. വീടിനുള്ളിൽ കയറി നോക്കുമ്പോൾ അവിടെയുണ്ടായിരുന്ന മൂന്ന് പേരും ബോധരഹിതരായിരുന്നു.
തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് ഒരാളെ പിടികൂടിയത്. ഇയാൾ ബാഗിൽ പണവും സ്വർണവുമായി രക്ഷപെടാൻ ശ്രമിക്കവേ വീടിന് പിറകിലെ മതിലിലെ കമ്പിയിൽ കാൽ കുരുങ്ങി കിടക്കുകയായിരുന്നു. രാവിലെയോടെ സമീപത്തു ഒളിച്ചിരുന്ന ഒരാളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നാല് പേർ അടങ്ങുന്ന സംഘം പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ദീപയുടെ മുറിയുടെ വാതിൽ കുത്തി തുറന്ന നിലയിലാണ്. അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]