
കൊച്ചി: ഹൈക്കോടതിയിലെ കേസ് സാവധാനത്തിലാകുകയും പോലീസ് നടപടികൾ ഇഴയുകയും ചെയ്തതോടെ പുതിയ സിനിമകൾക്കെതിരേ വീണ്ടും റിവ്യൂബോംബിങ്ങുമായി യുട്യൂബർമാർ. അടുത്തിടെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും ഇവരുടെ ആക്രമണത്തിൽ തകർന്നു. മാനനഷ്ടക്കേസുൾപ്പെടെയുള്ളവയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകർ.
മുതിർന്ന സംവിധായകനായ കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’, അനീഷ് അൻവറിന്റെ ‘രാസ്ത’, സാജിദ് യഹിയയുടെ ‘ഖൽബ്’ എന്നിവയാണ് റിവ്യൂബോംബിങ് നേരിട്ട പ്രധാനസിനിമകൾ. തന്റെ ചിത്രത്തെ റിലീസ് ദിവസംതന്നെ റിവ്യൂവിലൂടെ നശിപ്പിച്ചെന്ന് ആരോപിച്ച് അനീഷ് അൻവർ, ഉണ്ണി വ്ലോഗ്സ് എന്ന യുട്യൂബറെ ഫോണിൽവിളിച്ച് അസഭ്യംപറഞ്ഞത് വാർത്തയായിരുന്നു. ജാതിയധിക്ഷേപം ഉൾപ്പെടെ നടത്തിയെന്നു പറഞ്ഞ് ഉണ്ണി അനീഷ് അൻവറിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു .
ഇതിനുപിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിഷ്ണുനാരായണനും സംഗീതസംവിധായകൻ അവിൻമോഹൻ സിത്താരയും ഉണ്ണി വ്ലോഗ് റിവ്യൂവിൽ ക്യാമറയെയും സംഗീതത്തെയും കുറിച്ചുയർത്തിയ ആരോപണങ്ങൾക്കെതിരേ രംഗത്തെത്തി. രാസ്ത എന്ന സിനിമയുടെ പ്രധാന അണിയറപ്രവർത്തകരെല്ലാം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എന്നാണ് വിവരം. ഖൽബിനെതിരായ ആക്രമണത്തിൽ മനംനൊന്ത് സാജിദ് യഹിയ സാമൂഹികമാധ്യമത്തിൽ പങ്കുവച്ച കുറിപ്പും ചർച്ചയായിട്ടുണ്ട്.
റിവ്യൂബോംബിങ്ങിനെതിരായി ഹൈക്കോടതി ശക്തമായ നിലപാട് എടുത്തതോടെ പതിവുശൈലി വിട്ട് നിശ്ശബ്ദരാകാൻ തുടങ്ങിയ യുട്യൂബ് നിരൂപകർ കേസ് വൈകുന്നത് കണ്ടാണ് വീണ്ടും മോശംഭാഷയിൽ സിനിമകളെ ആക്രമിച്ചുതുടങ്ങിയത്.
അഡ്വ. ശ്യാംപത്മനെ അമിക്കസ് ക്യുറിയായി ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളുടെ സംവിധായകരുൾപ്പെടെ ഒട്ടേറെ സിനിമാപ്രവർത്തകർ ഡിജിറ്റൽ തെളിവുകൾസഹിതം അമിക്കസ് ക്യുറിയെ പരാതി അറിയിച്ചുകഴിഞ്ഞു.
‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസിലും തുടർനടപടികൾ മന്ദതയിലാണ്. ഒമ്പതാളുകളുടെപേരിലുള്ള കേസ് റിവ്യൂബോംബിങ്ങിൽ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത ആദ്യത്തേതാണ്. ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ നിർമാതാക്കൾ ഏഴ് യുട്യൂബർമാരുടെ പേരിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ നൽകിയ കേസിൽ സാക്ഷിവിസ്താരം കഴിഞ്ഞെങ്കിലും തുടർനടപടിയായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]