
36 വയസ്സുവരെ സ്വന്തം അച്ഛനാണ് എന്ന് കരുതിയിരുന്നയാൾ തന്റെ ശരിക്കുമുള്ള അച്ഛനല്ല എന്ന് തിരിച്ചറിയുക. വളരെയേറെ വേദനാജനകമായ അനുഭവമായിരിക്കും അല്ലേ? അങ്ങനെ ഒരനുഭവമുണ്ടായത് അറ്റ്ലാന്റയിൽ നിന്നുള്ള ടിഫാനി ഗാർഡ്നെർ എന്ന സ്ത്രീക്കാണ്.
ടിഫാനിക്ക് നാല് വയസുള്ളപ്പോഴാണ് അസുഖത്തെ തുടർന്ന് അവളുടെ അച്ഛൻ മരിക്കുന്നത്. പിന്നാലെ, അവളുടെ അമ്മ മറ്റൊരു വിവാഹം കഴിച്ചു. അങ്ങനെ മരിച്ചുപോയ അച്ഛനെ തന്റെ ശരിക്കുമുള്ള അച്ഛനായും അമ്മയുടെ രണ്ടാം ഭർത്താവിനെ രണ്ടാനച്ഛനായും അവൾ കണ്ടുതുടങ്ങി. എന്നാൽ, ടിഫാനിയുടെ 36 -ാം പിറന്നാളിന് തൊട്ടുമുമ്പാണ് അമ്മ അവളോട് ആ സത്യം വെളിപ്പെടുത്തിയത്. ടിഫാനി കരുതിയിരിക്കുന്നത് തെറ്റാണ്. അവളുടെ അച്ഛൻ ശരിക്കും അവളുടെ അമ്മയുടെ ആദ്യത്തെ ഭർത്താവല്ല. ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തിന് അച്ഛനാവാൻ സാധിക്കാതെയായതിനാൽ അവർ ഒരു ബീജദാതാവിനെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ടിഫാനിയുടെ അമ്മ ഗർഭം ധരിക്കുന്നതും ടിഫാനി ജനിക്കുന്നതും.
36 വർഷം താൻ ആരെയാണോ തന്റെ അച്ഛനായി കരുതിയിരുന്നത് അയാൾ തന്റെ അച്ഛനായിരുന്നില്ല എന്ന വിവരം ടിഫാനിയെ തകർത്തു കളഞ്ഞു. ബീജദാതാക്കളുടെ വിവരം രഹസ്യമായി സൂക്ഷിക്കണം എന്നാണ് നിയമം. എന്നാൽ, അറ്റ്ലാന്റ പോലെ ഒരിടത്ത്, എല്ലാവരും ഡിഎൻഎ ടെസ്റ്റുകൾ നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ചെയ്യുന്നൊരിടത്ത് തങ്ങളുടെ വേരുകൾ കണ്ടെത്തുക എന്നത് വളരെ എളുപ്പമായിരുന്നു.
ടിഫാനിയും ഡിഎൻഎ ടെസ്റ്റ് നടത്തി. ഓൺലൈനിൽ തനിക്ക് മാച്ചാവുന്ന ഡിഎൻഎ തിരഞ്ഞു. ഒടുവിൽ അവൾ ഒരാളെ കണ്ടെത്തി. അത് അവളുടെ അച്ഛന്റെ മകനായിരുന്നു, അവളുടെ അർദ്ധസഹോദരൻ. അയാൾ വഴി അവൾ തന്റെ അച്ഛനേയും കണ്ടെത്തി. എന്നാൽ, ഒരുതരത്തിലും അവളെ കാണാൻ അയാൾ തയ്യാറായിരുന്നില്ല. ഒടുവിൽ ഒരുപാട് അപേക്ഷകൾക്ക് ശേഷം അയാൾ ടിഫാനിയെ കാണാൻ സമ്മതിച്ചു. അങ്ങനെ അവർ പരസ്പരം കണ്ടു.
എന്നാൽ, ബീജദാനത്തിലൂടെ പിറന്ന മകൾ തങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരുന്നത് അവളുടെ അച്ഛന്റെ വീട്ടിലെ ആരും ഇഷ്ടപ്പെട്ടില്ല. ഒരിക്കലും ഇനി അയാളെ കാണാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ ശ്രമിക്കരുത് എന്നും അവർ ടിഫാനിയോട് ആവശ്യപ്പെട്ടു. അങ്ങനെ അവൾക്ക് അച്ഛനുമായും ആ കുടുംബവുമായുമുള്ള ബന്ധം എന്നേക്കുമായി നഷ്ടപ്പെട്ടു.
36 വയസ്സ് വരെ തന്റെ അച്ഛൻ ആരാണ് എന്ന് അറിയാതെയാണ് താൻ ജീവിച്ചത് എന്ന സത്യം എന്നും ടിഫാനിക്ക് ഒരു വേദനയായി തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 24, 2024, 12:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]