
സുല്‍ത്താൻ ബത്തേരി: ഡയാലിസിസ് മരുന്ന് ലഭിക്കാതെ രോഗികളും ഉറ്റവരും ദുരിതത്തില്‍. വയനാട്ടിലെ 56 പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികളും അവരുടെ ബന്ധുക്കളും ആണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മരുന്ന് കിട്ടാതെ ദുരിതത്തില്‍ ആയിരിക്കുന്നത്. രണ്ടുമാസമായി മരുന്ന് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇതില്‍ മൂന്നു മുതല്‍ അഞ്ചു ഫ്ലൂയിഡ് വരെ ചെയ്തിരുന്നവരുടെ ദുരിതം ഇരട്ടിയായി. വലിയ വിലയുള്ള ഫ്ലൂയിഡ് ബാഗ് വാങ്ങിക്കാന്‍ കഴിവില്ലാത്തവരാണ് എല്ലാവരും. ഇതോടെ ദിവസവും അഞ്ച് ഫ്ലൂയിഡ് വരെ എടുത്തിരുന്നവര്‍ രണ്ടുമൂന്നും ആക്കി ചുരുക്കിയതോടെ ഇവര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉള്ളത്.
ജില്ലയില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്ന 56 രോഗികള്‍ക്കും വയനാട് മെഡിക്കല്‍ കോളേജിലെ സ്റ്റോറില്‍ നിന്ന് സൗജന്യമായിട്ടായിരുന്നു ഫ്ലൂയിഡ് കിറ്റുകള്‍ ലഭിച്ചിരുന്നത്. രോഗികളുടെ ബന്ധുക്കളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ഒരു മാസത്തേക്കുള്ള മരുന്ന് വാങ്ങിക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍, രണ്ടുമാസത്തിലേറെയായി മരുന്ന് ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. ഇതോടെ, മിക്കവരും ചികിത്സ മുടങ്ങിയ അവസ്ഥയിലാണ്. ഫ്ലൂയിഡ് ബാഗും അനുബന്ധ സാമഗ്രികളും നല്കുന്ന കമ്പനികള്‍ക്ക് വന്‍ കുടിശ്ശിക വന്നതോടെ ഇവര്‍ വയനാട്ടിലേക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് രോഗികളുടെ ബന്ധുക്കളില്‍ ചിലര്‍ അന്വേഷിച്ചപ്പോള്‍ അധികൃതര്‍ അറിയിച്ചത്.
സര്‍ക്കാരില്‍നിന്ന് മരുന്ന് വിതരണം നിലച്ചതോടെ ദിവസവും രണ്ടായിരത്തോളം രൂപ സംഘടിപ്പിച്ച് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍. മൂന്നൂറിലധികം രൂപവരുന്നതാണ് ഒരുകിറ്റ്. അനുബന്ധ സാമഗ്രികള്‍ക്കും വില നല്‍കണം. കൂലിപ്പണിക്കും മറ്റും പോയാണ് രോഗികളുടെ ഉറ്റവരില്‍ മിക്കവരും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ദിവസവും രണ്ടായിരം രൂപയെന്നത് ഈ കുടുംബങ്ങള്‍ക്ക് താങ്ങാനാകാത്ത തുകയാണ്. പലരും ഇതോടെ ഡയാലിസിസിന്റെ എണ്ണം കുറച്ചു. ദിവസവും അഞ്ച് ബാഗ് ഉപയോഗിക്കേണ്ടവര് സാമ്പത്തിക പ്രതിസന്ധികാരണം രണ്ടും ഒന്നുമാക്കി ചുരുക്കി. ഇതോടെ, രോഗാവസ്ഥ മൂര്‍ച്ഛിച്ച് ജീവന് തന്നെ അപകടത്തില്‍ ആയിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മിക്ക രോഗികളും തലകറക്കം, മുഖത്തും കാലിലും നീര്, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ്.
ജില്ലയിലെ വിവിധ സര്‍ക്കാരാശുപത്രികളില്‍നിന്ന് മെഡിക്കല്‍ ഓഫീസറുടെ റഫറന്‍സ് മുഖേനയാണ് പെരിട്ടോണിയല്‍ ഡയാലിസിസിനുള്ള മരുന്നുകള്‍ ജില്ല ആശുപത്രി സ്റ്റോറില്‍ നിന്ന് രോഗികള്‍ക്ക് നല്കിക്കൊണ്ടിരുന്നത്. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ജില്ല കലക്ടര്‍ക്ക് ജനുവരി നാലിന് മുമ്പ് രോഗികളുടെ ബന്ധുക്കള്‍ നിവേദനം നല്‍കിയിരുന്നെങ്കിലും ഡി.എം.ഒ ഓഫീസിലേക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് മാത്രമാണ് ഇവിടെ നിന്ന് അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഡി.എം.ഒ. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അത്തരമൊരു പരാതി ലഭിച്ചില്ലെന്നായിരുന്നു മറുപടിയെത്രേ.
രോഗികള്‍ക്കുള്ള മരുന്ന് വിതരണം പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് രോഗികളുടെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നടപടി നീണ്ടുപോകുന്ന പക്ഷം കളക്ടറേറ്റിനുമുമ്പില്‍ സമരം തുടങ്ങാനാണ് തീരുമാനമെന്ന് സിബി ജോസഫ്, സൂസന് ബേബി, ഷഹന സിദ്ദിഖ് ഗിരിജാ ബാബു, അമ്പിളി വിനോദ്, നിഷ ബാബു തുടങ്ങിയവര്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Last Updated Jan 24, 2024, 10:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]