എ കെ ജി നഗർ (കണ്ണൂർ)> രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ ശക്തമായി മുന്നോട്ടുവരാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽനിന്ന് 18 എംപിമാർ ലോക്സഭയിലുണ്ട്. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഇവർ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർടി കോൺഗ്രസിന് അനുബന്ധമായി ‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നിലപാടുകൾ ഇടതുപക്ഷം സ്വീകരിച്ചു. എന്നാൽ, പൊതുമിനിമം പരിപാടി വാഗ്ദാനം ചെയ്ത കാഴ്ചപ്പാട് നടപ്പാക്കാനും കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യവൽക്കരിക്കാനും ആഗോളവൽക്കരണനയങ്ങൾ പിൻപറ്റുന്ന കോൺഗ്രസ് തയ്യാറായില്ല. ഈ നയസമീപനം കൂടുതൽ ശക്തമായി നടപ്പാക്കുകയാണ് ബിജെപി.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളായി മാറുന്ന തദ്ദേശഭരണസ്ഥാപനങ്ങളും എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ഇടതുപക്ഷം ഫെഡറലിസത്തിന്റെ കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്.
ആർഎസ്എസ് ഫെഡറൽ സംവിധാനത്തെ ശക്തമായി എതിർക്കുന്നു. അവരുടെ പരിഷ്കാരം കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ ദുർബലപ്പെടുത്തുന്നതും ജനാധിപത്യത്തെ തകർക്കുന്നതുമാണ്. ജമ്മു കശ്മീരിനെ പിളർത്തി സംസ്ഥാനപദവി എടുത്തുമാറ്റി. ലക്ഷദ്വീപിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിക്കുന്നത്. ഇതിന്റെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളത്തെയും മാറ്റി. രാജ്യത്ത് ജനസംഖ്യയിൽ 2.59 ശതമാനമാണ് കേരളീയർ. ലഭിക്കുന്ന നികുതിവിഹിതം 1.92 ശതമാനംമാത്രം.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നവിധത്തിൽ ബന്ധം പുനർനിർവചിക്കണം. സാമ്പത്തികകാര്യങ്ങളിൽ അഴിച്ചുപണി പ്രധാന ദൗത്യമാണ്. സംസ്ഥാനങ്ങളെ ബാധിക്കുന്ന അന്താരാഷ്ട്ര കരാറുകൾ ഒപ്പുവയ്ക്കുന്നത് ചർച്ച ചെയ്യണം. ഗൾഫ് മലയാളികളുടെ ക്ഷേമമടക്കമുള്ള കാര്യങ്ങളിൽ കേരളത്തിന് പറയാനുള്ളതുകൂടി കേൾക്കണം. കേന്ദ്രനയങ്ങളിൽ സ്വീകാര്യമാകുന്നത് സംസ്ഥാനം നടപ്പാക്കുമ്പോൾ, രാഷ്ട്രീയതാൽപ്പര്യം മുൻനിർത്തി തടസ്സംനിൽക്കരുത്. കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ കാര്യക്ഷമമാകുന്നതിന് ഉതകുന്നവിധം ഗവർണറുടെ അധികാരങ്ങൾ പുനർനിർവചിക്കണം. ധനകമീഷന്റെ പരിഗണനാവിഷയങ്ങൾ സംസ്ഥാനങ്ങളുമായി ആലോചിച്ചുതീരുമാനിക്കണം. കേന്ദ്രം നികുതികളൊക്കെ പിരിക്കുകയും പലതും സംസ്ഥാനങ്ങളുമായി പങ്കിടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]