
ഇടുക്കി: അന്യം നിന്നു പോയ റാഗി കൃഷി ചെയ്ത് നൂറുമേനി വിളയിച്ചിരിക്കുകയാണ് ഇടുക്കി ശാന്തൻപാറയിലെ ആദിവാസി കർഷകർ. ശാന്തൻപാറ ആട് വിളന്താൻ കുടിയിലെ ഗോത്ര സമൂഹമാണ് കഴിഞ്ഞ മൂന്ന് വർഷമായി റാഗി കൃഷി ചെയ്തു വരുന്നത്. തരിശായി കിടന്നിരുന്ന ആട് വിളന്താൻ മലനിരകളിലെ റാഗി കൃഷിയിപ്പോൾ മനോഹരമായ കാഴ്ചയാണ്.
കേരള – തമിഴ്നാട് അതിർത്തിയിലെ മതികെട്ടാൻ ചോലയുടെ താഴ്വരയിലെ ആട് വിളന്താൻ മലനിരകളിലാണ് ആദിവാസികളുടെ റാഗി കൃഷി. മതികെട്ടാൻ മലനിരകളെ തഴുകുന്ന മേഘങ്ങൾക്ക് ഒപ്പം തലയുയർത്തി നിൽക്കുകയാണ് വിളവെടുപ്പിന് പാകമായ റാഗി. ആട് വിളന്താൻ കുടിയിലെ മുതുവാൻമാരാണ് പത്ത് ഏക്കറിൽ പരമ്പരാഗത രീതിയിലൂടെ റാഗി കൃഷി ചെയ്യുന്നത്. പതിനഞ്ച് കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അന്യം നിന്നുപോയ റാഗി കൃഷിക്ക് പുനർ ജീവൻ നൽകിയത്.
മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഗ്രാമപഞ്ചായത്തിൻറെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കി. ജൂൺ മാസത്തിൽ വിത്ത് വിതച്ചു. നീലവാണി, ചൂണ്ടക്കണ്ണി, ഉ പ്പ്മെല്ലിച്ചി, പച്ചമുട്ടി, ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് വിതച്ചത്. ആറ് മാസം കൊണ്ട് പാകമാകുന്ന റാഗിയുടെ വിളവെടുപ്പ് ഈ മാസത്തോടെ പൂർത്തിയാകും. ശാന്തൻപാറ കൃഷി ഓഫീസാണ് ആവശ്യമായ സഹായങ്ങൾ ചെയ്തത്.
കുടിയിലെ ആളുകൾക്ക് ഭക്ഷണത്തിനായാണ് നിലവിൽ കൃഷി ചെയ്യുന്നത്. ഈ വർഷം മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിയിറക്കാനാണ് തീരുമാനം. ശക്തമായ മഞ്ഞും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Last Updated Jan 23, 2024, 9:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]