
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രതികരണങ്ങളുമായി ഗായകരും. വിധു പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാർ എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മൂന്നുപേരുടേയും പോസ്റ്റുകൾക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്.
‘അല്ലാഹ് തേരോ നാം…’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ ആണ് സിതാര കൃഷ്ണകുമാർ പങ്കുവെച്ചത്. പകലുകൾ പങ്കിടുന്ന, രാത്രികൾ ഒരേപോലെയുള്ള ഈ ഭൂമിയിൽ നിൽക്കുമ്പോൾ, സ്നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം സിതാര കുറിച്ചത്. ഇക്വാലിറ്റി, ഹാർമണി, പീസ് എന്നീ ഹാഷ്ടാഗുകളും അവർ വീഡിയോക്കും കുറിപ്പിനുമൊപ്പം ചേർത്തിട്ടുണ്ട്.
‘മതം ഒരു ആശ്വാസം ആകാം. ആവേശം ആകരുത്’ എന്നാണ് ഗായകൻ വിധു പ്രതാപ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു… ’ എന്ന വയലാർ രാമവർമയുടെ പ്രശസ്തമായ വരികളാണ് സയനോര കുറിച്ചത്. ഇതിനൊപ്പം ‘ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല’ എന്നും അവരെഴുതി.
പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. ഗായകൻ ഇഷാൻ ദേവ്, സംവിധായകൻ ജിയോ ബേബി, നടൻ ഷെയ്ൻ നിഗം, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യപ്രഭ, സംവിധായകന് ആഷിഖ് അബു തുടങ്ങിയവർ തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]