
മുംബൈ: യുപിഐ പണമിടപാടുകള്‍ നടത്തുന്നവരുടെയൊക്കെ പേടിസ്വപ്നമാണ് പരാജയപ്പെടുന്ന ട്രാന്‍സാക്ഷനുകള്‍. കടകളിലോ മറ്റെവിടെയെങ്കിലുമോ വെച്ച് ആര്‍ക്കെങ്കിലും യുപിഐ വഴി പണം നല്കുമ്പോള് പാതി വഴിയിൽ വെച്ച് ഇടപാട് പരാജയപ്പെടുന്നതാണ് പലപ്പോഴും പ്രശ്നം. അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിക്കപ്പെടും. പണം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാതെ പല യുപിഐ ആപ്പുകളും അഞ്ച് ദിവസം വരെ കാത്തിരിക്കാനൊക്കെയാണ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. പിന്നീട് ഇതിന്മേല് പരാതികളുമായി നടക്കുന്നതാണ് മറ്റൊരു തലവേദന.
എന്നാല്‍ ഈ പ്രശ്നത്തിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ റേസര്‍ പേ. പരാജയപ്പെടുന്ന യുപിഐ ഇടപാടുകള്‍ക്ക് അപ്പോള്‍ തന്നെ റീഫണ്ട് നല്കുന്ന സംവിധാനം തങ്ങളുടെ പ്ലാറ്റ്ഫോമിൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഉപഭോക്താവ് റേസര്‍പേ പ്ലാറ്റ്ഫോം വഴി നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് രണ്ട് മിനിറ്റിനകം പണം റീഫണ്ട് ചെയ്യും. രാജ്യത്തെ മറ്റ് യുപിഐ പ്ലാറ്റ്ഫോമുകള് ഇതിന് അഞ്ച് മുതല്‍ എട്ട് വരെ ദിവസമാണ് കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ രംഗത്തെ ആദ്യ സംവിധാനമാണ് ഇതെന്ന് റേസര്‍പേ അവകാശപ്പെടുന്നു.
ഏതാണ്ട് 15 ശതമാനത്തോളം യുപിഐ ഇടപാടുകള്‍ അത് നടത്തുന്ന സമയത്ത് തന്നെ പൂര്‍ത്തിയാവാത്ത സ്ഥിതിയുണ്ടെന്ന് റേസര്‍പേ സ്ഥിരീകരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കുമോ എന്ന സംശയം കാരണം പലപ്പോഴും ഒരിക്കൽ കൂടി ഇടപാട് നടത്തി നോക്കാൻ അവര്‍ തയ്യാറാവില്ല. ചിലപ്പോൾ രണ്ട് തവണ അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിക്കപ്പെട്ടേക്കും എന്ന ആശങ്ക കാരണമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. ഇത് കാരണമായി വ്യാപാരികള്‍ക്ക് 40 ശതമാനം വരെയൊക്കെ യുപിഐ അധിഷ്ഠിത വ്യാപാരത്തിൽ കുറവ് വരുന്നുണ്ടെന്നും കമ്പനി പറയുന്നു. എന്നാൽ പരാജയപ്പെടുന്ന ഇടപാടുകള്‍ക്ക് അപ്പോൾ തന്നെ റീഫണ്ട് നല്കി ഉപഫോക്താക്കളുടെ സംതൃപ്തിയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം പണമിടപാടുകള്‍ വേഗത്തിൽ പൂര്‍ത്തീകരിക്കാനും തങ്ങളുടെ പുതിയ സംവിധാനം സഹായിക്കുമെന്ന് റേസര്‍പേ സിഇഒ അഭിപ്രായപ്പെട്ടു.
നിരവധി പണമിടപാട് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് റേസര്പേയുടേത്. ഇടപാടുകള്‍ പരാജയപ്പെട്ടാൽ അപ്പോൾ തന്നെ പണം തിരികെ ലഭിക്കുന്നത് കാരണം ഉപഭോക്താവിന് ആവശ്യമെങ്കിൽ മിനിറ്റുകള്‍ക്കുള്ളിൽ തന്നെ രണ്ടാമതൊരു ഇടപാട് നടത്തി വീണ്ടും പണം നല്കാന് ശ്രമിക്കാന്‍ സാധിക്കും.
Last Updated Jan 23, 2024, 9:10 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]