
കുട്ടികളെ ഉൾപ്പെടുത്തിയുള്ള പരസ്യത്തിൽ ലൈംഗിക ചുവയുണ്ട് എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ആഗോള വസ്ത്ര ബ്രാന്റായ എച്ച് ആൻഡ് എം ‘ബാക്ക് ടു സ്കൂൾ ഫാഷൻ’ എന്ന പേരിലുള്ള പരസ്യം പിൻവലിച്ചു. എച്ച് ആൻഡ് എമ്മിന്റെ ഉദ്ദേശ്യം ശരിയല്ലെന്ന് ആരോപിച്ച് ആഗോള തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. പ്രമുഖ സാമൂഹിക പ്രവർത്തക മെലിൻഡ ടാങ്കാർഡ് റെയിസ്റ്റ് പരസ്യത്തെ വിമർശിച്ച് രംഗത്തെത്തി. പിനാഫോർ വസ്ത്രങ്ങളണിഞ്ഞ രണ്ട് പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം ‘അവർ തിരിഞ്ഞു നോക്കട്ടെ’ എന്ന വാചകങ്ങളാണ് എച്ച് ആൻഡ് എം പരസ്യത്തിൽ ഉൾപ്പെടുത്തിയത്.
മന:ശാസ്ത്ര വിദഗ്ധരടക്കം പരസ്യത്തെ ശക്തമായി വിമർശിച്ച് രംഗത്തെത്തി. അനുചിതമായ താൽപ്പര്യങ്ങളാണ് പരസ്യത്തിലുള്ളതെന്നും എച്ച് & എമ്മിനെ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നും കുറ്റപ്പെടുത്തി പ്രമുഖ സൈക്കോളജിസ്റ്റായ ഡോ. പാം സ്പർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റിട്ടു. സോഷ്യൽ മീഡിയയിലെ ആരോപണങ്ങളോട് എച്ച് ആൻഡ് എം പ്രതികരിച്ചു. ഈ പരസ്യം നീക്കം ചെയ്തു എന്നും ഇത് മൂലം ഉണ്ടായ സംഭവ വികാസങ്ങളിൽ അഗാധമായി ഖേദിക്കുന്നുവെന്നും എച്ച് & എം വ്യക്തമാക്കി. നിലവിലെ പരസ്യങ്ങളുമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പരിശോധിക്കുമെന്നും എച്ച് & എം അറിയിച്ചു.
ഫാഷൻ വസ്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര വസ്ത്ര കമ്പനിയാണ് എച്ച് & എം എന്ന് അറിയപ്പെടുന്ന ഹെന്നസ് & മൗറിറ്റ്സ്. 75 രാജ്യങ്ങളിൽ വിവിധ കമ്പനി ബ്രാൻഡുകൾക്ക് കീഴിൽ 4,801 സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. 2009 ലും 2010 ലും, ബ്രാൻഡ് കൺസൾട്ടൻസി ഇന്റർബ്രാൻഡ് എച്ച് ആൻഡ് എമ്മിനെ ഏറ്റവും മൂല്യമുള്ള ആഗോള ബ്രാൻഡുകളുടെ പട്ടികയിൽ ഇരുപത്തിയൊന്നാമതായി തെരഞ്ഞെടുത്തിരുന്നു. 12 ബില്യൺ മുതൽ 16 ബില്യൺ ഡോളർ വരെ മൂല്യമുള്ള കമ്പനിയാണ് എച്ച് ആൻഡ് എം.
Last Updated Jan 22, 2024, 7:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]