
ജറൂസലം/ ഗാസ- എല്ലാ തരത്തിലുള്ള വെടിനിര്‍ത്തല്‍ സമ്മര്‍ദങ്ങളെയും അവഗണിച്ച് ഇസ്രായില്‍ ഗാസയില്‍ ആക്രമണം തുടരുന്നു. ഗാസയിലെ ഖാന് യൂനിസ് കേന്ദ്രീകരിച്ച് അതിരൂക്ഷമായ ആക്രമണമാണ് ഇസ്രായില്‍ സൈന്യം നടത്തിയത്. അല്‍ നസ്സര്‍ അടക്കമുള്ള ആശുപത്രികള്‍ തകര്‍ക്കുക എന്ന ലക്ഷ്യവുമായാണ് ആക്രമണം. ഖാന് യൂനിസില്‍ ചലിക്കുന്നതായി എന്തു കണ്ടാലും ആക്രമിക്കുകയാണ് ഇസ്രായില്‍ സേന. 24 മണിക്കൂറിനിടെ 190 പേര് കൂടി കൊല്ലപ്പെടുകയും 340 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25,295 ആയി. പരിക്കേറ്റവര്‍ 63,000 കവിഞ്ഞു.
ഖാന് യൂനിസിലെ യുദ്ധം ദിവസങ്ങള്‍ നീളുമെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതുവരെ തങ്ങളുടെ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും, ഹമാസിന്റെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും സേന വ്യക്തമാക്കി.
അതിനിടെ, അമേരിക്കന്‍ സേനയുടെ ചരക്കുകപ്പല്‍ ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടു. ഏഡന്‍ കടലിടുക്കില്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി. യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ്, ബ്രിട്ടീഷ് പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. ഹൂത്തികള്‍ക്ക് ഇറാന്റെ നേരിട്ടുള്ള സഹായം ലഭിക്കുന്നതായി യു.എസ് നേവിയുടെ മിഡില്‍ ഈസ്റ്റ് കമാന്‍ഡര്‍ ബ്രാഡ് കൂപ്പര്‍ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബന്ദികളെ മോചിപ്പിക്കുകയും ഹമാസിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുംവരെ യുദ്ധം തുടരുമെന്നാണ് ഇന്നലെയും നെതന്യാഹു പറഞ്ഞത്. ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന അറബ് ലോകത്തിന്റെയും അമേരിക്കയുടെയും നിര്‍ദേശവും നെതന്യാഹു തള്ളി. ഇസ്രായില്‍ സൈന്യം ഗാസയില്‍നിന്ന് പൂര്‍ണമായും പിന്‍വാങ്ങുകയും, ഇസ്രായില്‍ ജയിലുകളിലുള്ള ഫലസ്തീനികളെ മുഴുവന്‍ മോചിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ബന്ദികളെ വിട്ടയക്കൂ എന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.
253 പേരെയാണ് തെക്കന്‍ ഇസ്രായിലില്‍നിന്ന് ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കി കൊണ്ടുപോയത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇവര്‍ നൂറിലേറെ പേരെ മോചിപ്പിച്ചു. അവശേഷിക്കുന്നവരില്‍ 27 പേരെങ്കിലും വിവിധ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായില്‍ തന്നെ കണക്കാക്കുന്നത്. ബന്ദികളെ കുറിച്ച് നെതന്യാഹുവിന് ഒരു ചിന്തയുമില്ലെന്നാണ് അവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
വിഷയത്തില്‍ ഇസ്രായിലിലെ യുദ്ധ ക്യാബിനറ്റിലും ഭിന്നത രൂക്ഷമാണ്. ഹമാസുമായി ഒത്തുതീര്‍പ്പിലൂടെ മാത്രമേ ബന്ദികളെ ജീവനോടെ ഇസ്രായിലിലേക്ക് കൊണ്ടുവരാന്‍ കഴിയൂവെന്ന് മന്ത്രിസഭാംഗവും മുന്‍ സേനാ മേധാവിയുമായ ഗാഡി ഐസിന്കോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ മിന്നലാക്രമണം നടത്തിയാല്‍ വിജയിക്കാന്‍ സാധ്യത തീരെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ, പ്രതിഷേധവുമായി ബന്ദികളുടെ ബന്ധുക്കള്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് ഇരച്ചുകയറി. നയതന്ത്ര മാര്‍ഗങ്ങളിലൂടെ എത്രയുംവേഗം ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ‘അവരെ മോചിപ്പിക്കൂ ഉടന്‍, ഉടന്‍, ഉടന്‍…’ എന്നവര്‍ വിളിച്ചുപറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിയിലേക്കും ബന്ദികളുടെ കുടുംബാംഗങ്ങള്‍ മാര്‍ച്ച് നടത്തിയിരുന്നു.
നെസറ്റിന്റെ ഫിനാന്‍സ് കമ്മിറ്റി യോഗം നടന്ന ഹാളിലേക്കാണ് ഇരുപതോളം വരുന്ന സംഘം ഇരച്ചുകയറിയത്. ‘അവര്‍ അവിടെ മരിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ലെ’ന്ന് എഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചാണ് മിക്ക പ്രതിഷേധക്കാരും എത്തിയത്. അനുരഞ്ജനത്തിന്റെ എല്ലാ സാധ്യതകളും തള്ളി, ബന്ദികളുടെ ജീവന് പോലും അപകടത്തിലാക്കി നെതന്യാഹു യുദ്ധം തുടരാന്‍ വാശിപിടിക്കുന്നത് തന്റെ നിലനില്‍പിനുവേണ്ടിയാണെന്ന വികാരം ഇസ്രായിലില്‍ ശക്തമാണ്. അഴിമതി കേസില്‍ നെതന്യാഹുവിനെ പ്രോസിക്യൂട്ട് ചെയ്യാനിരിക്കേയാണ് ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണമുണ്ടാവുന്നതും, രാജ്യം യുദ്ധത്തിലേക്ക് പോകുന്നതും. എന്നാല്‍ നൂറ് ദിവസത്തിലേറെ യുദ്ധം നീണ്ടുനിന്നിട്ടും സൈനിക നടപടിയിലൂടെ ഒരു ബന്ദിയെപോലും മോചിപ്പിക്കാനോ, ഹമാസിനെ തകര്‍ക്കാനോ ഇസ്രായിലിന് കഴിഞ്ഞിട്ടില്ല. ഗാസയിലെ നിരപരാധികളായ സാധാരണക്കാരെ കൊന്നുതള്ളിയതിന്റെ പേരില്‍ ലോകത്തെങ്ങും ഇസ്രായിലിനെതിരെ ജനവികാരം ഉയരുകയും ചെയ്യുന്നു.