ആലുവ> വർണ വിവേചനത്തിനെതിരെ പാവകളുമായി പോരാടുന്ന സോ ടെറി ആലുവയിലെത്തി. ആലുവ കീഴ്മാടിലെ ശ്രീ നാരായണഗിരിയിലെ കുട്ടികളുമായി സല്ലപിച്ചു. അവരുമൊത്ത് സെൽഫി ഫോട്ടോകളെടുത്തു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. അവർക്കായി ആത്മവിശ്വാസം ഉണർത്തുന്ന പാട്ടുപാടി. അവർക്ക് വയലറ്റ് നിറമുള്ള പാവകളെ സമ്മാനിച്ചു.
ശനി വൈകിട്ട് നാലിനാണ് സോ ടെറി തന്റെ സുഹൃത്ത് എറിൻ മയോ ഉൾപ്പെടെയുള്ളവരുമൊത്ത് ശ്രീ നാരായണഗിരിയിലെത്തിയത്. ഫ്ലോറിഡയിലെ മിയാമിയിൽ ജനിച്ച ടെറി അഞ്ചാംവയസ്സിലാണ് വർണ വിവേചനത്തിനെതിരെ വയലറ്റ് പാവകൾ നിർമിച്ച് കുട്ടികൾക്കിടയിൽ വിതരണം ചെയ്ത് ലോകശ്രദ്ധ നേടിയത്.
ഇതിനായി സോയീസ് ഡോൾ എന്ന സ്ഥാപനം കെട്ടിപ്പടുത്തു. ഇപ്പോള്‍ 15 വയസ്സുള്ള ടെറി ഈ സംരംഭത്തിന്റെ മേധാവിയാണ്. ഇതിനകം മുപ്പതിനായിത്തിലധികം പാവകളെ നിര്‍മിച്ച് അമേരിക്കന്‍ ഐക്യനാടുകള്‍, ജമൈക്ക, ക്യൂബ, നെതര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സൗജന്യമായി വിതരണം ചെയ്തു.
അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും വർണ വിവേചനം നിലനിൽക്കുന്നതായും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി ടെറി പറഞ്ഞു. വർണ വിവേചനത്തിനെതിരെ സ്നേഹത്തിന്റെ സന്ദേശം ലോകം മുഴുവൻ നൽകുകയാണ് ലക്ഷ്യം. ഇതിനായി പാവകളുണ്ടാക്കി ലോകമെങ്ങും സൗജന്യമായി വിതരണം ചെയ്യുകയാണ് ടെറിയും സംഘവും. സഹായവുമായി ടെന്നീസ് താരം സെറീന വില്യംസിനെപ്പോലുള്ളവരുമുണ്ട്.
ഫാന്റം ആൻഡ് ഫ്രണ്ട്സ് സ്ഥാപക പാർവതി മോഹൻ മുൻകൈയെടുത്താണ് സോ ടെറിയെയും സംഘത്തെയും ശ്രീ നാരായണഗിരിയിൽ എത്തിച്ചത്. രണ്ട് മണിക്കൂർ കുട്ടികൾക്കൊപ്പം ചെലവഴിച്ച ടെറിയും സംഘവും വൃദ്ധസദനവും മറ്റ് പ്രവർത്തനങ്ങളും കണ്ടശേഷമാണ് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]