ഇ കെ നായനാർ നഗർ (കണ്ണൂർ)> പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കം ദേശീയ ആസ്തികൾ കൂട്ടമായി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കണമെന്ന് സിപിഐ എം 23–-ാം പാർടി കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനെതിരെ ജനങ്ങൾ സംഘടിക്കണം. ദേശീയ ആസ്തികളുടെ കൊള്ളയടി അനുവദിക്കില്ലെന്ന് പ്രമേയത്തിൽ പ്രഖ്യാപിച്ചു. ദേശീയ ആസ്തികൾ അപ്പാടെ വിറ്റ് പണമാക്കുന്ന പദ്ധതിക്ക് നാഷണൽ മോണിറ്റൈസേഷൻ പൈപ്പുലൈൻ (എൻഎംപി) എന്നാണ് മോദിസർക്കാർ പേരിട്ടിരിക്കുന്നത്. ആറുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
നിലവിലെ പശ്ചാത്തലസൗകര്യ സ്വത്തുക്കൾ കോർപറേറ്റുകൾക്ക് കൈമാറുന്നതാണ് പദ്ധതി. ജനങ്ങളുടെ സമ്പത്തും അധ്വാനവും കെട്ടിപ്പടുത്ത പൊതുമേഖലാ സ്വത്തുക്കളാണ് കേന്ദ്രസർക്കാരിന്റെ ചങ്ങാത്തമുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ നൽകുന്നത്. ഈ പാത പിന്തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പൊതുസ്വത്തുക്കൾ വൻകിട കോർപറേറ്റുകൾക്ക് അടിയറവയ്ക്കുന്നു. തീവ്രസ്വകാര്യവൽക്കരണമാണ് മോദിസർക്കാരിന്റെ മുഖമുദ്ര. 30–-35 വർഷത്തേക്ക് ആസ്തികൾ കുത്തകകൾക്ക് കൈമാറുന്ന പദ്ധതിയുമുണ്ട്. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കും.
നാനൂറ് റെയിൽവേ സ്റ്റേഷൻ, 90 ട്രെയിൻ, 1400 കിലോമീറ്റർ റെയിൽ ട്രാക്ക്, 741 കിലോമീറ്റർ കൊങ്കൺ പാത, 15 റെയിൽ സ്റ്റേഡിയം, 265 ഗുഡ്സ്ഷെഡ്, നാല് ഹിൽ റെയിൽവേ തുടങ്ങിയവ ഒന്നരലക്ഷം കോടിക്കാണ് വിൽക്കുക. ഖജനാവിൽനിന്ന് പണം മുടക്കി നവീകരിച്ച 25 വിമാനത്താവളങ്ങൾ 20,782 കോടിക്ക് വിൽക്കും. 160 കൽക്കരിഖനികൾ 28,747 കോടിക്കും 3930 കിലോമീറ്റർ ഇന്ധന കുഴൽ 22,503 കോടിക്കും ഒമ്പതു തുറമുഖങ്ങളിലായി 31 പദ്ധതികൾ 12,828 കോടിക്കും 210 ലക്ഷം മെട്രിക് ടൺ സംഭരണശേഷിയുള്ള എഫ്സിഐ–-കേന്ദ്ര വെയർഹൗസിങ് കോർപറേഷൻ വെയർഹൗസുകൾ 28,900 കോടിക്കും വിൽക്കും. പവർഗ്രിഡിന്റെ 28,602 കിലോമീറ്റർ വൈദ്യുതി ഗ്രിഡും 30,000 കിലോമീറ്റർ ദേശീയപാതയും കച്ചവടമാക്കുകയാണ്. റെയിൽവേ, പ്രതിരോധം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂസ്വത്തും വിൽക്കുമെന്നാണ് പ്രഖ്യാപനം.
പൊതുമേഖലയെ ഇല്ലാതാക്കാനാണ് ശ്രമം. ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് അത് സൃഷ്ടിക്കുന്ന ആഘാതത്തെപ്പറ്റി അവർ ബോധവാന്മാരല്ല. പൊതുമേഖലാ ആസ്തികൾ വിറ്റുതുലയ്ക്കുന്നതിനെതിരെ വിപുലപ്രക്ഷോഭം വേണം–- പ്രമേയത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]