
കണ്ണൂർ: അരനൂറ്റാണ്ട് പഴക്കമുളള വീട് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയതിന് നാൽപ്പതിനായിരം രൂപ സെസ് അടയ്ക്കണമെന്ന് തൊഴിൽ വകുപ്പ്. കണ്ണൂർ കേളകത്തെ കർഷകൻ തോമസിനാണ് നോട്ടീസ് കിട്ടിയത്. റവന്യൂ വകുപ്പ് അളന്നതിനേക്കാൾ കൂടുതൽ തറവിസ്തീർണം രേഖപ്പെടുത്തിയാണ് സെസ് കണക്കാക്കിയതും. പിഴവുണ്ടായെങ്കിൽ പരിശോധിക്കുമെന്നാണ് തൊഴിൽ വകുപ്പിന്റെ മറുപടി. 51 വർഷം പഴക്കമുണ്ട് കേളകം പുതനപ്രയിലെ തോമസിന്റെ വീടിന്. അത് പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. പത്ത് വർഷം മുമ്പ് തോമസ് വീട്ടിൽ അറ്റകുറ്റപ്പണി നടത്തി.
മേൽക്കൂര ചോർന്നതു കൊണ്ടും പട്ടിക ചിതലരിച്ചതുകൊണ്ടും കുറച്ചുഭാഗം ഷീറ്റിട്ടു. 20,000 രൂപയാണ് ചെലവായത്. ഇതിന് 2016ൽ റവന്യൂ വകുപ്പ് 6000 രൂപ കെട്ടിട നികുതി ഈടാക്കി. തറവിസ്തീർണം അളന്നത് 226.72 ചതുരശ്ര മീറ്റർ. തുടർന്ന് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത് കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡാണ്. തറവിസ്തീർണം 316. 2. അതായത് റവന്യൂ വകുപ്പ് കണക്കാക്കിയതിനേക്കാൾ കൂടുതൽ. ആകെ നിർമാണച്ചെലവ് കണക്കാക്കിയത് 41.2 ലക്ഷം അതിന്റെ ഒരു ശതമാനമായ 41264 രൂപ സെസായി അടയ്ക്കണമെന്നാണ് നോട്ടീസ്.
അരനൂറ്റാണ്ട് പഴക്കമുളള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്റെ ഇരട്ടി തുക സർക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്ന് ചോദ്യമുന്നയിച്ച് തോമസ് നിയമനടപടിക്കൊരുങ്ങുകയാണ്. എങ്ങനെ ഇത്ര തുക കണക്കാക്കി എന്നതിന് തൊഴിൽ വകുപ്പ് വിശദീകരണം കൂടി കേൾക്കാം. കയ്യിൽ കിട്ടിയത് 2016ൽ കെട്ടിട നികുതി അടച്ച വിവരങ്ങളാണ്. അതനുസരിച്ച് സ്ക്വയർ മീറ്ററിന് 11000 രൂപ കണക്കാക്കി നിർമാണച്ചെലവ് നിശ്ചയിച്ചു. പരാതിയുണ്ടെങ്കിൽ തോമസിന് അറിയിക്കാം. തെറ്റുണ്ടായെങ്കിൽ തിരുത്തുമെന്നും തൊഴിൽവകുപ്പ് പറയുന്നു.
Last Updated Jan 20, 2024, 2:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]