
ആന്ധ്രാ പ്രദേശിലെ പഴയകാല സൂപ്പർതാരവും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ 28-ാം ചരമവാർഷികദിനമാണ് വ്യാഴാഴ്ച. രാഷ്ട്രീയ-ചലച്ചിത്ര മേഖലകളിലെ നിരവധിപേരാണ് ഹൈദരാബാദിലെ എൻ.ടി.ആർ ഗാർഡൻസിൽ അദ്ദേഹത്തിന് സ്മരണാഞ്ജലിയർപ്പിക്കാനെത്തിയത്. ഇതിനിടെ നടന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. അതിന് കാരണമായതാകട്ടെ നടൻ നന്ദമൂരി ബാലകൃഷ്ണയും.
എൻ.ടി. രാമറാവുവിന്റെ മകനും തെലുങ്കിലെ സൂപ്പർതാരവുമാണ് ബാലകൃഷ്ണ. പിതാവിന്റെ ഓർമകൾ പുതുക്കി പ്രാർഥിക്കാൻ എൻ.ടി.ആർ ഘട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. ഈ വേദിക്ക് പുറത്ത് ആരാധകരും ടി.ഡി.പി അണികളുമെല്ലാം ഫ്ളക്സുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒരു ഫ്ളക്സിൽ എൻ.ടി. രാമറാവുവിന്റെ ചിത്രത്തിനൊപ്പം കൊച്ചുമകനും നടനുമായ ജൂനിയർ എൻ.ടി.ആറിന്റെ ചിത്രവും ഉൾപ്പെട്ടതാണ് ബാലകൃഷ്ണയെ കോപാകുലനാക്കിയത്.
രാജമൗലി സംവിധാനം ചെയ്ത യമ ദൊങ്ക എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ യമധർമന്റെ വേഷത്തിൽ ജൂനിയർ എൻ.ടി.ആർ എത്തുന്നുണ്ട്. യമധർമന്റെ ലുക്കിലുള്ള ജൂനിയർ എൻ.ടി.ആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള എൻ.ടി.ആറിന്റെ ചിത്രവും ഒരേ ഫ്ളക്സിൽ ഉൾപ്പെടുത്തി ഘാട്ടിന് പുറത്ത് സ്ഥാപിച്ചിരുന്നത്. ഈ ചിത്രമാണ് ബാലകൃഷ്ണയെ ചൊടിപ്പിച്ചത്. കാറിൽ നിന്നിറങ്ങിയ ബാലകൃഷ്ണ ഈ ഫ്ലക്സ് കാണുകയും ഉടനടി നീക്കംചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് ടി.ഡി.പി പ്രവർത്തകർ ഈ ഫ്ളക്സ് ഘട്ടിൽ നിന്ന് ദൂരേയ്ക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ്. സഹോദരൻ ഹരികൃഷ്ണയുടെ മകനാണ് ജൂനിയർ എൻ.ടി.ആർ എങ്കിലും ബാലകൃഷ്ണയും ആർ.ആർ.ആർ താരവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തെലുങ്ക് സിനിമാലോകത്ത് ഏവർക്കും അറിയുന്ന കാര്യമാണ്. ഇതിന് ആക്കംകൂട്ടുന്ന പുതിയ സംഭവമാണ് രാമറാവുവിന്റെ 28-ാം ചരമവാർഷികദിനത്തിൽ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]