
പ്രശസ്ത ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗറിനെ ജർമനിയിലെ മ്യൂണിച്ച് വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. കയ്യിലുണ്ടായിരുന്ന വിലയേറിയ ആഡംബര വാച്ച് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് താരത്തിന് കുരുക്കായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂര്‍ അദ്ദേഹം വിമാനത്താവളത്തില്‍ കുടുങ്ങി. പിന്നീട് നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചശേഷമാണ് പുറത്തിറങ്ങിയത്.
കാലിഫോർണിയ മുൻ ഗവർണർ കൂടിയായ അർനോൾഡിനുവേണ്ടി സ്വിസ് ആഡംബര ബ്രാൻഡായ ഓഡെമാസ് പീഗേ പ്രത്യേകം തയ്യാറാക്കിയ വാച്ചായിരുന്നു അത്. നടന്റെ നേതൃത്വത്തിൽ ഓസ്ട്രിയയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ സംഘടനയുടെ ധനശേഖരണാർത്ഥം ലേലത്തിന് വെയ്ക്കാനാണ് അദ്ദേഹം വാച്ച് കയ്യിൽക്കരുതിയത്. കസ്റ്റംസ് ഓഫിസർമാരുടെ എല്ലാ ചോദ്യങ്ങൾക്കും താരം കൃത്യമായി ഉത്തരം നൽകി. വാച്ചിന് നികുതി അടയ്ക്കാൻ താരം സമ്മതിച്ചു. എന്നാൽ അവിടെയും ഏറെ പ്രതിസന്ധികൾ അർനോൾഡിന് തരണംചെയ്യേണ്ടിവന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ ശ്രമിച്ചെങ്കിലും മെഷീൻ പ്രവർത്തിച്ചില്ല. ഇതോടെ എടിഎമ്മിൽനിന്ന് പണം പിൻവലിച്ച് തുക അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ ഇത് എടിഎമ്മിൽനിന്നു പിൻവലിക്കാൻ സാധിക്കുന്നതിലും കൂടുതൽവരുന്ന തുകയായിരുന്നതിനാൽ അതിനും സാധിച്ചില്ല. ഇതിനകം ബാങ്കിലെ പ്രവൃത്തി സമയം കഴിഞ്ഞിരുന്നു. തുടർന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പുതിയ ക്രെഡിറ്റ് കാർഡ് മെഷീൻ കൊണ്ടുവന്ന ശേഷമാണ് പണമടച്ച് താരം വിമാനത്താവളത്തിനു പുറത്തു കടന്നത്.
യൂറോപ്യൻ യൂണിയൻ നിയമപ്രകാരം 10000 യൂറോ (ഏകദേശം 9 ലക്ഷം രൂപ)ക്ക് മുകളിൽ പണമോ അതിന് തുല്യമായ മൂല്യമുള്ള വസ്തുക്കളോ കൈവശംവെച്ചുകൊണ്ട് രാജ്യത്തേക്ക് വരുന്നവർ അക്കാര്യം അധികൃതരോട് പറയണം. കൂടാതെ യൂറോപ്യൻ യൂണിയിൻ ഇതര രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ഒരു ഉൽപന്നം ജർമനിയിലേക്ക് കൊണ്ടു വരുന്നതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം. അതൊഴിവാക്കാനാണ് താരം ശ്രമിച്ചത്. അതിനാൽ ക്രിമിനൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കസ്റ്റംസ് പ്രസ് ഓഫിസർ തോമസ് മേസ്റ്റർ പറഞ്ഞു.
അബദ്ധങ്ങൾ നിറഞ്ഞ തമാശയായിരുന്നു ഇതെന്നും ഈ സംഭവങ്ങൾ ചേർത്തുവെച്ച് ഒരു കോമഡി പോലീസ് സിനിമയുണ്ടാക്കിയാൽ നന്നാവുമെന്നും അർനോൾഡിന്റെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]