
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ-കൈകൈൾ കെട്ടിയിട്ട് ആറരകിലോമീറ്ററോളം ആഴമേറിയ വേമ്പനാട് നീന്തിക്കടക്കാനൊരുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് പെരുമ്പാവൂർ ഗ്രീൻവാലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ഉമേഷ്. ഒരു വർഷം മുമ്പാണ് അഭിനന്ദു നീന്തൽ പരിശീലനം തുടങ്ങിയത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ അഭിനന്ദുവിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയുദിച്ചു. മാതാപിതാക്കളായ പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണിക്കൃഷ്ണന്റേയും ദിവ്യ ഉമേഷിന്റെയും പിന്തുണയും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അഭിനന്ദു ഉമേഷിന്റെ പരിശീലനം നടക്കുന്നത്. വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് അഭനന്ദ് കൈകൾ കെട്ടി നീന്തൽ നടത്താനൊരുങ്ങുന്നത്. ഫെബ്രുവരി 10നാണ് ഈ സാഹസിക പ്രകടനം. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം. ആദ്യമായിട്ടാണ് ആറര കിലോമീറ്റർ കായൽ ദൂരം ഇരുകൈകളും കെട്ടി നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ വരെയാണ്. അഭിനന്ദിന് പിന്തുണയുമായി ഗ്രീൻവാലി സ്കൂൾ പിന്നിലുണ്ട്. ഒപ്പം സാംസ്ക്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ അനേകരും. ചലച്ചിത്ര നടന്മാരടക്കം നിരവധിപേർ നവമാധ്യമങ്ങളിലൂടെയും മറ്റും അഭിനന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.