കണ്ണൂർ> തീപാറുന്ന മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഒതുക്കിയ വനിതയുണ്ട് ത്രിപുരയിൽ. ചാക്കിട്ട് എംപിമാരെ പിടിക്കാൻ നോക്കിയ മന്ത്രിയെ മാപ്പുപറയിച്ച മുൻ എംപി ജർണ ദാസ്. ജനങ്ങൾക്കൊപ്പം ചെങ്കൊടിക്കുകീഴെ പ്രവർത്തിച്ചതിന്റെ ഉൾക്കരുത്താണ് ജർണ ദാസ് ബൈദ്യയുടെ വാക്കുകളുടെ നട്ടെല്ല്. പാർടി കോൺഗ്രസിനെത്തിയ ജർണയ്ക്ക് ആ അനുഭവത്തെപ്പറ്റി പറയുമ്പോൾ ആവേശമാണ്.
2019ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് കാണാൻപോയ ജർണയെ അമിത് ഷാ ബിജെപിയിലേക്ക് ക്ഷണിച്ചു. നിങ്ങൾക്ക് ആളുതെറ്റിയെന്നു പറഞ്ഞാണ് ജർണ മറുപടി നൽകിയത്. ‘ആഭ്യന്തരമന്ത്രിയെ കാണാനാണ് വന്നത്. ബിജെപി നേതാവിനെയല്ല. എണ്ണത്തിൽ ഒന്നാണെങ്കിലും ബിജെപിക്കെതിരെ ഞങ്ങളുടെ ശബ്ദം ഉയരുകതന്നെ ചെയ്യും. ഞങ്ങൾ കമ്യൂണിസ്റ്റുകാരാണ്.’ ജർണയുടെ മറുപടി കേട്ടതോടെ അമിത് ഷാ ക്ഷമ പറഞ്ഞു.
തമാശ പറയുകയായിരുന്നുവെന്നു പറഞ്ഞ് അമിത് ഷാ തടിതപ്പിയത് മാധ്യമങ്ങളിൽ നിറഞ്ഞു.
ദളിത് വിഭാഗത്തിൽനിന്ന് എംപിയായ ത്രിപുരയിലെ രണ്ടാമത്തെ വനിതയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ ജർണ ദാസ് ബൈദ്യ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗത്ത് പ്രവർത്തിച്ചാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. രാഷ്ട്രീയപാത അത്ര എളുപ്പമായിരുന്നില്ല. ആ യാത്രയിൽ ആദ്യഭർത്താവിനെയും നഷ്ടമായി. കോൺഗ്രസുകാരുടെ ആക്രമണത്തിൽ ശ്രീദാം പാൽ കൊല്ലപ്പെട്ടു.
ബിജെപി സർക്കാരിന്റെ കീഴിൽ സിപിഐ എം പ്രവർത്തകർ ഇന്നും ത്രിപുരയിൽ ആക്രമണങ്ങൾ നേരിടുകയാണെന്ന് ജർണ പറയുന്നു.
‘റാലിയോ പ്രതിഷേധമോ നടത്താൻ അനുവദിക്കില്ല. പാർടിക്കൊപ്പം നിന്നാൽ കൊല്ലുമെന്നുവരെ ബിജെപി ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നു. ദളിത് വിഭാഗങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി അധികാരത്തിലേറിയത്. അവരെ ഭിന്നിപ്പിച്ച് സിപിഐ എമ്മിനെതിരാക്കി. എന്നാൽ, ഒന്നും നടപ്പായില്ല. ബിജെപി എന്തെന്ന് അവർ തിരിച്ചറിയുന്നുണ്ട്’–- ജർണ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]