ആലപ്പുഴ> ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹ സംസ്കാര കര്‍മ്മം ചൊവ്വാഴ്ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടക്കും.
1944 മെയ് 18 നാണ് ബിഷപ്പ് സ്റ്റീഫൻ്റെ ജനനം. 1969 ഒക്ടോബർ 5ന് ബിഷപ്പ്മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. രൂപതാ മൈനർ സെമിനാരിയുടെ പ്രിഫെക്ടും ഓമനപ്പുഴ ഇടവക വികാരിയുമായി പ്രവർത്തിച്ചു.
തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്ത ബിരുദം നേടിയതിനെ തുടർന്ന് മൈനർ സെമിനാരിയുടെ റെക്ടറും ആലപ്പുഴ ലിയോ തെർട്ടീൻത് ഹൈസ്കൂൾ മാനേജരുമായി നിയമിക്കപ്പെട്ടു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായിരുന്നു.
2000 നവംബർ 16ന് ബിഷപ്പ് പീറ്റർ ചേനപ്പറമ്പിലിന്റെ പിൻഗാമിയായി കോ അഡ്ജുത്തോർ ബിഷപ്പായി. 2001 ഫെബ്രുവരി 11ന് മെത്രനായി അഭിഷിക്തനായി. 2001 ഡിസംബർ 9 ന് ചേനപ്പറമ്പിൽ പിതാവിനെ പിന്തുടർന്ന് ആലപ്പുഴ രൂപതയുടെ മെത്രാനായി. 52 വർഷക്കാലം പുരോഹിത ശുശ്രൂഷ ചെയ്ത ബിഷപ്പ് 21 വർഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ച് 2019 ഒക്ടോബർ 11 ന് സജീവ അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചു.
ആലപ്പുഴ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. തീരമേഖലയുടെ സമഗ്ര വികസനത്തിനായി കെആർഎൽസിസി “കടൽ” എന്ന സംഘടനയ്ക്ക് രൂപം നല്കിയപ്പോൾ അദ്ദേഹം അതിന്റെ ചെയർമാനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]