
മാലദ്വീപിലേക്കുള്ള തന്റെ അവധിക്കാല യാത്ര റദ്ദാക്കിയെന്ന് തെലുങ്ക് സൂപ്പർ താരം നാഗാർജുന. പകരം ലക്ഷദ്വീപിലേയ്ക്ക് അവധിക്കാല യാത്രക്കായി പോകുമെന്നും താരം പറഞ്ഞു. സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള അഭിമുഖസംഭാഷണത്തിലാണ് നാഗാർജുനയുടെ പ്രതികരണം. ഇന്ത്യ-മാലദ്വീപ് അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടൻ്റെ പ്രസ്താവന.
‘ജനുവരി 17-ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാൻ ഇരുന്നതാണ്. ബിഗ് ബോസിലും നാ സാമി രംഗ എന്ന സിനിമയിലുമായി 75 ദിവസം ഇടവേളയില്ലാതെ ജോലി ചെയ്തു. ഞാൻ ഇപ്പോൾ ടിക്കറ്റ് റദ്ദാക്കിയിരിക്കുകയാണ്. പകരം അടുത്തയാഴ്ച ലക്ഷദ്വീപിലേയ്ക്ക് പോകാനാണ് തീരുമാനം.
ഭയം കൊണ്ടല്ല യാത്ര റദ്ദാക്കിയത്, അത് ശരിയല്ലെന്ന് തോന്നി. അവർ നടത്തിയ പ്രസ്താവനകൾ ഒട്ടും ആരോഗ്യകരമായിരുന്നില്ല, അത് ശരിയല്ല. നരേന്ദ്ര മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടി ജനങ്ങളെ അദ്ദേഹം നയിക്കുന്നു. 150 കോടി ജനങ്ങളുടെ നേതാവാണ് അദ്ദേഹം. മാലദ്വീപ് പ്രത്യാഘാതങ്ങൾ നേരിടുകയാണ്’, നാഗാർജുന പറഞ്ഞു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിന്റെ ഭംഗിയെക്കുറിച്ച് വാചാലനായ നടൻ കീരവാണിയോട് ലക്ഷദ്വീപിലേയ്ക്ക് യാത്ര പോകാനും തമാശരൂപേണ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തെത്തുടർന്ന് പ്രമുഖരുള്പ്പെടെ നിരവധിയാളുകൾ അവിടേയ്ക്കുള്ള യാത്രകൾ റദ്ദാക്കിയിരുന്നു. മാലദ്വീപ് ബഹിഷ്കരണ കാമ്പെയ്നുകളും സാമൂഹികമാധ്യമങ്ങളിൽ നിറയുകയാണ്. മാലദ്വീപിന് പകരം ഇന്ത്യക്കാർ ലക്ഷദ്വീപിനെ ഉയർത്തിപ്പിടിക്കുകയും അവിടേക്ക് യാത്രകൾ നടത്തണമെന്നുമാണ് ഈ കാമ്പെയ്നിൽ പങ്കെടുക്കുന്നവരുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]