
റാന്നി: പത്തനംതിട്ടയിൽ വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന് ഇൻഷുറൻസ് തുക നിഷേധിച്ച സംഭവത്തിൽ ബാങ്ക് മാനേജർക്ക് കിട്ടിയത് എട്ടിന്റെ പണി. ഇൻഷ്വറൻസ് പ്രീമിയം കൈപ്പറ്റിയ ശേഷം തുക നൽകിയില്ലെന്ന പരാതിയിൽ ബാങ്ക് മാനേജർ പരാതിക്കാരന് 3 ലക്ഷം രൂപ നൽകാൻ പത്തനംതിട്ട ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. റാന്നി പഞ്ചായത്തിൽ താമസിക്കുന്ന കുരിയംവേലിൽ വീട്ടിൽ ബിനുക്കുട്ടൻ നൽകിയ പരാതിയിലാണ് നടപടി.
റാന്നി സെൻട്രൽ ബാങ്ക് ഇൻഷുറൻസ് പണം കൈപ്പറ്റിയ ശേഷം ലോൺ ക്ലോസ് ചെയ്യാതെ മുഴുവൻ തുകയും ഈടാക്കി കബളിപ്പിച്ചെന്നായിരുന്നു പരാതി. ബിനുക്കുട്ടൻ 2014ൽ റാന്നി സെന്‍ട്രൽ ബാങ്കിൽ നിന്നും വീടിന്റെ പുനരുദ്ധാരണത്തിനായി 3 ലക്ഷം രൂപ ലോണെടുത്തിരുന്നു. 60 തവണകളായി ലോൺ തിരിച്ചടയ്ക്കാമെന്നായിരുന്നു വ്യവസ്ഥ. ലോണെടുത്ത സമയത്ത് തന്നെ 1770 രൂപ കൈപ്പറ്റി ബാങ്ക് വീട് ഇൻഷുർ ചെയ്തിരുന്നു. എന്തെങ്കിലും പ്രകൃതി ദുരന്തം ഉണ്ടായി വീടിന് കേടുപാട് പറ്റുകയോ നാശനഷ്ടങ്ങളുണ്ടാവുകയോ ചെയ്താൽ തുടർന്ന് ലോൺ അടയ്ക്കേണ്ടതില്ലെന്നായിരുന്നു ഇൻഷുറൻസ് വ്യവസ്ഥ.
2018ലെ വെള്ളപ്പൊക്കത്തിൽ പരാതിക്കാനയാ ബിനുകുമാറിന്റെ വീടിന് കേടുപാടുകൾ പറ്റി. പ്രളയബാധിതനായി വീട് നശിച്ചതോടെ ബിനുക്കുട്ടൻ ഇക്കാര്യം ബാങ്കിനെ അറിയിച്ചു. എന്നാൽ ഇൻഷുറൻസ് തുക വാങ്ങി ബാക്കി ലോൺ ക്ലോസ് ചെയ്യുന്നതിനുള്ള ഒരു നടപടിയും ബാങ്ക് സ്വീകരിച്ചില്ല. മാത്രമല്ല ബിനുവിനെ ഭീഷണിപ്പെടുത്തി തിരിച്ചടയ്ക്കാനുള്ള 2,80,000 രൂപ ബാങ്കിൽ അടപ്പിച്ച് ലോൺ ക്ലോസ് ചെയ്യിപ്പിക്കുകയും ചെയ്തു. നിർദ്ദനനായ ബിനു പലതവണ ഇൻഷുറൻസ് തുകയ്ക്കായി ബാങ്കിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
ഇതോടെയാണ് ബിനുക്കുട്ടൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ പരാതി നൽകിയത്. ഇതോടെ കമ്മീഷൻ പരാതി സ്വീകരിച്ച് ബാങ്കിനും ഇൻഷുറൻസ് കമ്പിനിക്കും നോട്ടീസ് നൽകി. പരാതിക്കാരന്റെ വീട് ഇൻഷുർ ചെയ്ത വിവരം ബാങ്ക് അറിയിച്ചില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വിശദീകരണം. തെളിവുകളും വാദങ്ങളും പരിശോധിച്ച കമ്മീഷൻ ബാങ്കാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.
ബാങ്ക് തന്നെയാണ് പരാതിക്കാരനായ ബിനുവിനെകൊണ്ട് ഇൻഷുറൻസ് എടുപ്പിച്ചതെന്നും വെള്ളപ്പൊക്കത്തിൽ വീടിന് നാശനഷ്ടം വന്നത് ബാങ്ക് അധികൃതർ നേരിട്ട് കണ്ട് വിലയിരുത്തിയതാണെന്നും കമ്മീഷൻ കണ്ടെത്തി. ബാങ്ക് മാനേജർ നേരിട്ട് കണ്ട് ദുരവസ്ഥ ബോധ്യപ്പെട്ടിട്ടും ഇൻഷുറൻസ് കമ്പനിയെ വിവരമറിയിച്ച് രേഖകൾ സമർപ്പിച്ചില്ല എന്നത് ഗുരുതര പിഴവാണെന്ന് കമ്മീഷൻ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്ഥിൽ പരാതിക്കാരൻ ബാങ്കിൽ അടച്ച 2,80,000 രൂപയും പുറമെ 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവായി 10,000 രൂപയും ഉള്‍പ്പടെ 3 ലക്ഷം രൂപ ബാങ്ക് മാനേജർ പരാതിക്കാരന് നൽകണമെന്ന് കമ്മീഷൻ വിധിച്ചു.
Last Updated Jan 19, 2024, 12:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]