
അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് രജത് പാടിദാറിന്റെ തകര്‍പ്പന്‍ സെഞ്ചുറി. ഇംഗ്ലണ്ട് ലയണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 553 റണ്‍സ് പിന്തുടരുന്ന ഇന്ത്യ എ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ 40 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ട് ലയണ്‍സിന്റെ സ്കോറിനേക്കാള്‍ 338 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. രജത് പാടിദാര്‍ 132 പന്തില്‍ 140* ഉം, വാലറ്റക്കാരന് നവ്ദീപ് സെയ്നി 11 പന്തില്‍ 3* ഉം റണ്‍സുമായി ക്രീസില്‍ നില്ക്കുന്നു.
ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ലയണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യ എയില്‍ മറ്റാരും മുപ്പതിനപ്പുറം സ്കോര്‍ ചെയ്യാതിരുന്നപ്പോഴാണ് രജത് പാടിദാര്‍ സെഞ്ചുറിയുമായി കുതിച്ചത്. 23 ഓവറുകള്‍ക്കിടെ ഏഴ് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 95 റണ്‍സ് മാത്രമായിരുന്നു എയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഓപ്പണര്‍ സായ് സുദര്ശന് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഹ ഓപ്പണറും നായകനുമായ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന് 4 റണ്‍സില്‍ മടങ്ങി. സര്‍ഫറാസ് ഖാന് (4), പ്രദോഷ് പോള്‍ (0), മാനവ് സത്താര്‍ (0), ശ്രീകര്‍ ഭരത് (15), പുല്‍കിത് നരംങ് (18), തുഷാര്‍ ദേശ്പാണ്ഡെ (23) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. വ്യക്തിഗത സ്കോര്‍ 83ല്‍ നില്‍ക്കേ ഹാട്രിക് സിക്സടിച്ചാണ് രജത് തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ലയണ്‍സിനായി മാത്യൂ ഫിഷര്‍ നാലും മാത്യൂ പോട്ട്സും കാലും പാര്‍കിന്‍സണും രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.
നേരത്തെ 382/3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 118 ഓവറില്‍ 553/8 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ കീറ്റെണ്‍ ജെന്നിംഗ്സിന് പിന്നാലെ നായകന് ജോഷ് ബൊഹന്നോനും സെഞ്ചുറി നേടി. ജെന്നിംഗ്സ് 188 പന്തില്‍ 154 ഉം, ജോഷ് 182 പന്തില്‍ 125 ഉം റണ്‍സാണ് പേരിലാക്കിയത്. ഡാന്‍ മൗസ്ലി (115 പന്തില്‍ 68), ജാക്ക് കാര്സന് (35 പന്തില്‍ 53*), മാത്യൂ പോട്ട്സ് (66 പന്തില്‍ 44*) എന്നിവരുടെ ഇന്നിംഗ്സും ലയണ്‍സിന് നിര്‍ണായകമായി. കാര്സന്- പോട്ട്സ് സഖ്യം ഇംഗ്ലണ്ടിന് അവസാന ഓവറുകളില്‍ അതിവേഗ സ്കോറിംഗ് നല്കി. ഇന്ത്യ എയ്ക്കായി മാനവ് സത്താര്‍ നാലും വിധ്വത് കവെരപ്പ രണ്ടും നവ്ദീപ് സെയ്നി ഒന്നും വിക്കറ്റ് സ്വന്തമാക്കി.
Last Updated Jan 18, 2024, 7:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]