

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; അഭിനന്ദിച്ച് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി 53 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരള്‍ പകുത്ത് നല്‍കിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രോഗിയെ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം എട്ടിനായിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11 മണിയോട് കൂടിയാണ് പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്ട്രോ, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]