
കോഴിക്കോട്: സമസ്ത നേതാക്കൾക്കെതിരായ സമീറലി തങ്ങളുടെ ഭീഷണിക്കത്ത് ആരോപണത്തിൽ പ്രതികരണവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. ആരോപണം അടിസ്ഥാന വിരുദ്ധമാണെന്ന് സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വില കുറഞ്ഞ ആരോപണങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള ആഗ്രഹമോ മറ്റുള്ളവരുടെ പ്രേരണയോ ആണ് ആരോപണത്തിന് പിന്നിൽ. പരിധി വിട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പാണക്കാട് സമീറലി തങ്ങളുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. സമസ്ത നേതാക്കളെ ഭീഷണിപ്പെടുത്തി കത്തെഴുതിയതിന് പിന്നിൽ സത്താർ ആണെന്നായിരുന്നു ആരോപണം.
‘ഞാൻ എഴുതിയതാണെന്ന വ്യാജേന സമീറലി തങ്ങൾ ഒരു പുതിയ ആരോപണവുമായി രംഗത്ത് വന്നതായി അറിഞ്ഞു. തീർത്തും വാസ്തവ വിരുദ്ധമായ പ്രചാരണമാണ് ഇദ്ദേഹം നടത്തുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ മറ്റൊരു വ്യാജ പ്രചാരണവുമായി ഇദ്ദേഹം രംഗത്ത് വന്നിരുന്നു. അതിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചപ്പോൾ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മറുപടി നൽകി അദ്ദേഹം ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. വില കുറഞ്ഞതും വ്യാജവുമായ പ്രചാരണം നടത്തി വാർത്തകളിലും മറ്റും നിറഞ്ഞ് നിൽക്കാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹമോ മറ്റു ചിലരുടെ പ്രേരണയോ ആകാം ഇതിന് പിന്നിൽ എന്ന് ഞാൻ സംശയിക്കുന്നു. പരിധിവിട്ട് വ്യാജ പ്രചാരണവുമായി വരുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോവും എന്ന് അറിയിക്കുകയാണ്’.-സത്താർ പന്തല്ലൂർ കുറിച്ചു.
സമസ്തയുടെ മുതിർന്ന നേതാക്കൾക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നിൽ സത്താർ പന്തല്ലൂർ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങൾ ആരോപിച്ചു. സത്താർ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നൽകുമെന്നും സമീറലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. കഴിഞ്ഞ കുറെ നാളായി സമസ്തയിലെ മുസ്ലീം ലീഗിനെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിൽ ഭിന്നത രൂക്ഷമാണ്. പരസ്യപ്പോര് തുടരുന്ന സാഹചര്യത്തിലാണ് 10 വർഷം മുൻപുള്ള കത്ത് ചൂണ്ടിക്കാട്ടി സത്താർ പന്തല്ലൂരിനെതിരെ എതിർവിഭാഗത്തിന്റെ നീക്കം. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിർന്ന നേതാവുമായിരുന്ന ടിഎം കോട്ടുമല ബാപ്പു മുസ്ലിയാർ, സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാർ എന്നിവർക്കെതിരെ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്താണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാക്കുന്നത്. സംഘടനയിൽ ഭിന്നതയുണ്ടാക്കാൻ സത്താർ പന്തല്ലൂരാണ് അന്ന് കത്ത് തയ്യാറാക്കിയതെന്നാണ് ആരോപണം.
കൈവെട്ട് പ്രസംഗത്തിൽ കേസെടുത്ത പശ്ചാത്തലത്തിൽ സത്താർ പന്തല്ലൂർ പ്രതിരോധത്തിലാണ്. ഈ സാഹചര്യം സംഘടനയിൽ ഉപയോഗിക്കാനാണ് എതിരാളികളുടെ നീക്കം. വിഷയത്തിൽ സമസ്തയ്ക്ക് പരാതി നൽകുമെന്നും പാണക്കാട് സമീറലി ശിഹാബ് തങ്ങൾ പറഞ്ഞു. നേരത്തെ സമസ്തയിൽ സത്താർ പന്തല്ലൂരിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കൈവെട്ട് പരാമർശത്തിൽ ഉൾപ്പെടെ മുസ്ലീം ലീഗ് നിശബ്ദത പാലിക്കുമ്പോഴാണ് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ പരാതി ഉയരുന്നത് എന്നതും ശ്രദ്ധേയം.
Last Updated Jan 17, 2024, 7:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]