ന്യൂഡൽഹി > ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ സംസാരിക്കണമെന്ന അമിത് ഷായുടെ ആഹ്വാനത്തോടാണ് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
എല്ലാം ‘ഒന്നിലേക്ക്’ എത്തണമെന്നതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഒരു മതം, ഒരു സംസ്കാരം, ഒരു നേതാവ്, ഒരു ഭാഷ, ചുരുക്കി പറഞ്ഞാൽ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ!. നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യത്തിൽ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായത്. ഹിന്ദിയോട് ആർക്കും എതിർപ്പില്ല. ഹിന്ദി പഠിക്കണമെന്നും പറയണമെന്നും ആഗ്രഹിക്കുന്നവർ തന്നെയാണ് നമ്മൾ. യാതൊരു വേർതിരിവും ഇല്ലാതെ ഹിന്ദിയെ നമ്മൾ ആശ്ലേഷിക്കുന്നുമുണ്ട്. നല്ല ഹിന്ദി സിനിമ കാണാത്ത ഏത് മലയാളിയാണ് ഇവിടെയുള്ളത് – ബ്രിട്ടാസ് ചോദിച്ചു.
മറ്റു ഭാഷകൾക്ക് മേൽ ഹിന്ദിയെ സ്ഥാപിക്കുന്നതിനോടാണ് നമ്മുടെ വിയോജിപ്പ്. ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ നമ്മുടെ ഭരണഘടനാ നിർമാണ സഭയിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നൽകേണ്ടതില്ല എന്നാണ് ഭരണഘടന ശിൽപികൾ തീരുമാനിച്ചത്. അതാണ് ഭരണഘടന നമ്മോട് പറയുന്നത്. അതിനുമേൽ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങൾ – ബ്രിട്ടാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]