തൃശൂർ
സ്വിച്ചിട്ടാൽ ഓപ്പറേഷൻ ടേബിൾ ഉയർന്നുവരും. ആവശ്യാനുസരണം ചരിക്കാം, തിരിക്കാം. ഈ ടേബിളിൽ വലിയ മൃഗങ്ങളുടെ സിസേറിയൻ ഉൾപ്പെടെയുള്ള പ്രസവ ചികിത്സകൾ ഇനി ഈസിയായി ചെയ്യാം. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ മണ്ണുത്തി വെറ്ററിനറി കോളേജിലെ മൃഗ പ്രസവചികിത്സാ വിഭാഗത്തിലാണ് നൂതന സംവിധാനമായ ഹൈഡ്രോളിക് ലാർജ് അനിമൽ ഓപ്പറേഷൻ ടേബിൾ സ്ഥാപിച്ചത്. വ്യാഴാഴ്ച ആദ്യ ഓപ്പറേഷനും വിജയകരമായി.
അഞ്ചേരി സ്വദേശിയുടെ പശുവിനാണ് ആദ്യം ഓപ്പറേഷൻ നടത്തിയത്. ഗർഭപാത്രം തിരിഞ്ഞ് കുട്ടി മൃതാവസ്ഥയിലായിരുന്നു. ഇത് തള്ളപ്പശുവിനേയും അവശയാക്കി. രണ്ടരമണിക്കൂർ നീണ്ട ഓപ്പറേഷൻ വഴി കുട്ടിയെ പുറത്തെടുത്തു.
ടേബിളിൽ മൃഗങ്ങളെ ബെൽറ്റിട്ട് സുരക്ഷിതമായി കിടത്തിയാണ് ഓപ്പറേഷൻ. വൈദ്യുതിയുടെ സഹായത്തോടെയും കൈകൊണ്ടും ഉയർത്താം. ചരിക്കുകയും ചെയ്യാം. നിഴലടിക്കാത്ത വെളിച്ച സംവിധാനം പ്രത്യേകതയാണ്. അനസ്തേഷ്യ നൽകി മയക്കിയശേഷമാണ് ശസ്ത്രക്രിയ ചെയ്യുക. ഈ സംവിധാനം വഴി വലിയ പശുക്കൾ, എരുമകൾ തുടങ്ങി വളർത്തുമൃഗങ്ങളുടെ പ്രസവചികിത്സകളും ഓപ്പറേഷനുകളും എളുപ്പം ചെയ്യാം. ഹൈഡ്രോളിക്, ഹൈജീനിക് സംവിധാനമായതിനാൽ മൃഗങ്ങൾക്കും സുരക്ഷിതമാണ്.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിവഴിയാണ് 30 ലക്ഷം ചെലവിൽ ഗൈനക്കോളജി വിഭാഗത്തിൽ ഈ സംവിധാനം സ്ഥാപിച്ചത്. ഹൈഡ്രോളിക് മേശക്കുമാത്രം പത്തുലക്ഷം രൂപയാണ് ചെലവ്. പശു, എരുമ തുടങ്ങി വളർത്തുമൃഗങ്ങളുടെ ചികിത്സ സൗജന്യമാണ്. മരുന്നുകൾക്കുള്ള ചെലവുമാത്രമാണ് നൽകേണ്ടത്.
സംസ്ഥാനത്തെ ഏറ്റവും ആധുനിക മൃഗചികിത്സാകേന്ദ്രമായ മണ്ണുത്തി കെ ആർ നാരായണൻ ടീച്ചിങ് വെറ്ററിനറി ക്ലിനിക്കൽ കോംപ്ലക്സിലാണ് ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ 15 കോടി ചെലവിൽ 3400 ഓളം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ ആശുപത്രിയിൽ എല്ലാ മൃഗങ്ങൾക്കും ഹൈടെക് ചികിത്സാ സൗകര്യങ്ങളുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കോംപ്ലക്സ് നാടിന് സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]