ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) സുപ്രീംകോടതിയെ സമീപിച്ചു. കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇഡി. ബംഗളൂരൂവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് ഹർജി നൽകിയത്. 2021 ഒക്ടോബർ 28-നാണ് കർണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചത്.
ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആറുമാസത്തിന് ശേഷമാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ അഭിഭാഷകനായ മുകേഷ് കുമാർ മറോഡിയാണ് ഇഡിക്കായി ഹർജി ഫയൽ ചെയ്തത്. ഹർജി ഫയൽ ചെയ്യുന്നതിന് മുൻപ് അഡീഷണൽ സോളിസിറ്റർ ജനറൽമാരായ എസ് പി രാജു, കെ എം നടരാജ് എന്നിവരുമായി ഇഡി ഉദ്യോഗസ്ഥർ വിശദമായ കൂടിയാലോചനകൾ നടത്തിയിരുന്നു.
ഇഡിക്കുവേണ്ടി സോളിസിറ്റർ തുഷാർ മേഹ്ത്ത തന്നെ ഹാജരായേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ഇഡിക്ക് ലഭിച്ച തെളിവുകൾ കർണാടക ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബിനീഷിന്റെ പേരിലുള്ള ഐഡിബിഐ, എച്ച്ഡിഎഫ്സി, എസ്ബിഐ, ഫെഡറൽബാങ്ക് എന്നീ നാലു ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുകകൾ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ ഉറവിടം വെളിപ്പെടുത്താൻ ബിനീഷിന് കഴിഞ്ഞില്ലെന്നും ഹർജിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]