

ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് യുഎഇ. പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഹൂതികളുടെ നീക്കം അംഗീകരിക്കാനാകാത്തതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാബ് അൽ മന്ദബിലേയും, ചെങ്കടലിലേയും യാത്രാ സംവിധാനങ്ങൾക്ക് മേൽ നടത്തുന്ന ആക്രമണങ്ങളിലും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ആശങ്കയുള്ളതായും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിലുള്ള നീക്കങ്ങൾ അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളേയും പ്രാദേശിക സുരക്ഷയേയും ആഗോള താത്പര്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ പ്രതിഷേധിച്ചും, ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ആരംഭിച്ചത്.
ഹൂതികളുടെ നീക്കങ്ങൾക്കെതിരെ അമേരിക്ക ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. കപ്പലുകൾക്ക് നേരെ ആക്രമണം നടത്തരുതെന്ന അമേരിക്കയുടെ മുന്നറിയിപ്പ് ഹൂതി വിമതർ തള്ളിയിരുന്നു. പിന്നാലെ ബ്രിട്ടണും അമേരിക്കയും സംയുക്തമായി യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ സംഭരിക്കാനും വിക്ഷേപിക്കാനുമുള്ള ഹൂതികളുടെ ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. 28 സൈറ്റുകളിലായി 60ഓളം സ്ഥലങ്ങളാണ് യുഎസ് സൈന്യം ലക്ഷ്യമിട്ടത്.