
കോട്ടയം: കോട്ടയം പാമ്പാടിയിൽ വീട്ടിൽ വളർത്തുന്ന പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ച് അയൽവാസിയുടെ ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട പാമ്പാടി പങ്ങട സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി ഷാപ്പുപടിക്കടുത്ത് മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിനോട് ആയിരുന്നു അയൽവാസിയുടെ ക്രൂരത.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടിലെത്തിയ അയൽവാസി ബിനോയ്, പശുവിന്റെ കണ്ണുകളിൽ കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ബിനോയിയെ കസ്റ്റഡിയിലെടുത്തു. സ്വന്തമായി പശുവിനെ വളർത്തുന്ന ആളാണ് ബിനോയിയും. അടുത്തിടെയായി ബിനോയിയുടെ പശുവിന്റെ പാലിൽ കുറവ് അനുഭവപ്പെട്ടിരുന്നു.
താൻ അറിയാതെ തന്റെ പശുവിനെ അയൽവാസികൾ കറന്ന് പാൽ എടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നു മിണ്ടാപ്രാണിയോട് ബിനോയ് ക്രൂരത കാട്ടിയത് എന്നാണ് പൊലീസ് അനുമാനം. ബിനോയിയുടെ മാനസിക ആരോഗ്യ നിലയും പൊലീസ് പരിശോധിക്കും. ആസിഡ് ആക്രമണത്തിന് ഇരയായ പശുവിന്റെ ആരോഗ്യ നില മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തുന്നുണ്ട്. പശുവിന്റെ കണ്ണുകളുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അനുമാനം.
Last Updated Jan 14, 2024, 2:08 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]