
മുംബൈ വിമാനത്താവളത്തിന്റെ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം കുടുങ്ങിയെന്ന് നടി രാധികാ ആപ്തേ. വിമാനം വൈകിയതിനേത്തുടർന്നാണ് രാധികയും അതേ വിമാനത്തിൽ പോകേണ്ടിയിരുന്ന നിരവധി യാത്രക്കാരും എയ്റോബ്രിഡ്ജിൽ പെട്ടുപോയത്. തനിക്കുനേരിട്ട ദുരനുഭവം നടി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തറിയിച്ചത്. മുംബൈ വിമാനത്താവളത്തിൽനിന്നുള്ള ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ എട്ടരയ്ക്കായിരുന്നു രാധികാ ആപ്തേ ബുക്ക് ചെയ്ത വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ പത്തേ അമ്പതായിട്ടും വിമാനം എത്താതിരുന്നതിനേത്തുടർന്നാണ് സോഷ്യൽ മീഡിയയിലൂടെ അവർ പ്രതികരിച്ചത്. എയ്റോബ്രിഡ്ജിൽ താനുൾപ്പെടെയുള്ള യാത്രക്കാരെ അക്ഷരാർത്ഥത്തിൽ പൂട്ടിയിടുകയായിരുന്നുവെന്ന് രാധികാ ആപ്തേ എഴുതി. ഒരു മണിക്കൂറിലേറെയായി പ്രായമായവരേയും കൈക്കുഞ്ഞുങ്ങളുമായെത്തിയവരേയുമെല്ലാം പൂട്ടിയിടുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
“ജീവനക്കാർക്ക് യാതൊരു സൂചനയും ഇല്ലായിരുന്നു. അവരുടെ ക്രൂ എത്തിയിട്ടുണ്ടായിരുന്നില്ല. ക്രൂവിൽ മാറ്റമുണ്ടായിരുന്നു. എന്നാൽ പുതിയ സംഘം എപ്പോൾ വരുമെന്നും എത്രനേരം അടച്ചുപൂട്ടിയനിലയിൽ ഇങ്ങനെ കഴിയേണ്ടിവരുമെന്നും ആർക്കും യാതൊരു ധാരണയുമില്ലായിരുന്നു. ഒരു ജീവനക്കാരിയോട് സംസാരിച്ചപ്പോൾ പ്രശ്നമില്ല, താമസിക്കില്ല എന്നൊക്കെയാണ് മറുപടി ലഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണി വരെയെങ്കിലും അവിടെ കഴിയേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. വെള്ളമോ ശൗചാലയമോ ഇല്ല. രസകരമായ ഈ യാത്രയ്ക്ക് നന്ദി”, രാധികാ ആപ്തേ എഴുതി.
നിരവധി പേരാണ് രാധികയുടെ പോസ്റ്റിന് പ്രതികരണവുമായെത്തിയത്. മുംബൈ എയർപോർട്ടിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ലെന്നാണ് നടി അക്ഷരാ ഹാസൻ പ്രതികരിച്ചത്. അവിശ്വസനീയമെന്ന് കൊങ്കണ സെൻ ശർമയും പ്രതികരിച്ചു. നടിമാരായ ടിസ്കാ ചോപ്ര, തിലോത്തമാ ഷൂമി തുടങ്ങിയവരും പ്രതികരണവുമായി രംഗത്തെത്തി. ഏത് എയർലൈനാണ് ഇതെന്നും ഇത്രയുംപേരെ അടച്ചിടുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്നും ചോദിച്ചവരുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]