
തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ് ജയറാമിനെ ടൈറ്റിൽ കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ. ആരാധകർക്ക് സർപ്രൈസ് എലമന്റായി എത്തിയ മമ്മൂട്ടിയുടെ അതിഥി വേഷം ചിത്രത്തിന് മുതൽക്കൂട്ടുമായി. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ ഉണ്ടെന്ന് അറിഞ്ഞ് ഓസ്ലർ കാണാൻ നടൻ വിജയ് താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുകയാണ് ജയറാം.
വിജയ് നായകനാവുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിൽ ജയറാമും ഒരു പ്രധാനവേഷത്തിലുണ്ട്. ഓസ്ലർ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ചിത്രം കാണാൻ വിജയ് താത്പര്യം പ്രകടിപ്പിച്ച വിവരം ജയറാം പറഞ്ഞത്.
ഇന്നലെ ചെന്നൈയിൽ വിജയ്യുടെ കൂടെയുള്ള സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു….പടം ഇറങ്ങിയപ്പോൾ വിജയ് ഓടി വന്ന് എന്നോട് ചോദിച്ചു, ഇതിൽ മമ്മൂട്ടി സർ ഇരിക്കാറാ?… ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് ഉടൻ പടം കാണണം എന്നായിരുന്നു വിജയുടെ മറുപടി.ഈ പടത്തിൽ എന്താണ് മമ്മൂക്ക ചെയ്തത് എന്ന് കാണണം, അത്ര വ്യത്യസ്തമായാണ് ഓരോ പടവും ചെയ്തിട്ടുള്ളത്. ഈ പടവും ചെയ്യാൻ എന്തെങ്കിലും കാരണം കാണും. അതറിയാൻ ആണ് തനിക്ക് ആകാംഷ എന്നാണ് വിജയ് പറഞ്ഞത്. വിജയ്ക്ക് പടം കാണാനുള്ള ഏർപ്പാടാക്കിയിട്ടുണ്ട്.. ജയറാം പറഞ്ഞു.
ട്രെയിലറിൽ ഡെവിൾ എന്നുവിശേഷിപ്പിച്ച കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. നേരത്തേ ഓസ്ലറിൽ മമ്മൂട്ടി ഒരു സുപ്രധാനവേഷത്തിലുണ്ടാവും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. തിയേറ്ററിൽ സിനിമയ്ക്ക് മികച്ച പ്രതികരണം വന്നതോടെ മമ്മൂട്ടിയുടെ ക്യാരക്റ്റർ പോസ്റ്റർ ഔദ്യോഗികമായിത്തന്നെ പുറത്തുവിടുകയായിരുന്നു.
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അവതരണരംഗത്തിന് ഗംഭീര പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]