
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- പത്താമത് കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി കാണികൾക്കായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ പദ്ധതിയിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് പരിപാടി ഉദ്ഘാടനം
ചെയ്തു.
ചടങ്ങിൽ കുദു മാർക്കറ്റിംഗ് മാനേജർ പവിത്രൻ, ചെറീസ് റെസ്റ്റോറന്റ് എം.ഡി സജി ജോർജ് എന്നിവരും സന്നിഹിതരായി. കേളി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മാന പദ്ധതി ഏർപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് തവണയും വ്യത്യസ്തങ്ങളായ സമ്മാന പദ്ധതികളാണ് കേളി ഏർപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തിൽ കറി പൗഡറുകളും എയർ ടിക്കറ്റുകളുമായിരുന്നു സമ്മാനങ്ങളായി നൽകിയിരുന്നതെങ്കിൽ പിന്നീട് ഒന്നാം സമ്മാനങ്ങളായി കാറും, പത്ത് പവൻ സ്വർണവും, 14 സ്കൂട്ടറുകളും, തുടങ്ങി വ്യത്യസ്തങ്ങളായ സമ്മാനങ്ങൾ പ്രവാസികൾക്കായി നൽകാൻ കേളിക്ക് കഴിഞ്ഞു.
പത്താമത് ടൂർണമെന്റിന്റെ ഭാഗമായി 13 സ്കൂട്ടറുകളും 132 ഗ്രാം സ്വർണവുമാണ് 26 പേർക്കായി ഏർപ്പെടുത്തിയിരുന്നത്. കൂടാതെ ഏരിയ തലത്തിൽ നൂറിലേറെ സമ്മാനങ്ങൾ വേറെയും ഏർപ്പെടുത്തിയിരുന്നു. കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ കീഴിലും, കുടുംബ വേദിയുടെ കീഴിലും ഒന്നാം സമ്മാനമായി ഒരു സ്കൂട്ടറും രണ്ടാം സമ്മാനമായി സ്വർണ നാണയവുമാണ് നൽകിയിട്ടുള്ളത്. സ്കൂട്ടറുകൾ നാട്ടിലാണ് വിതരണം ചെയ്യുക. പ്രതീകാത്മകമായി ചടങ്ങിൽ താക്കോലുകൾ കൈമാറി.
കേളി രക്ഷാധികാരി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരും വളണ്ടിയറായി സേവനമനുഷ്ഠിച്ച മണിയനും സമ്മാനങ്ങൾ വിതരണം ചെയ്തു.
സമ്മാനാർഹരിൽ ഒട്ടനവധി പേർ ‘ഹൃദയപൂർവം കേളി’ പൊതിച്ചോർ പദ്ധതിയിലേക്ക് സമ്മാനത്തിന്റെ ഒരു വിഹിതം സംഭാവന ചെയ്തു. സമ്മാന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച റിയാദ് ബത്ഹ ഏരിയ സെക്രട്ടറി രാമകൃഷ്ണനെ കേളി സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു.
ഫുട്ബോൾ ടൂർണമെന്റിൽ അച്ചടക്കമുള്ള ടീമായി തെരഞ്ഞെടുത്ത റെയിൻബോ സോക്കറിനുള്ള ട്രോഫിയും കാഷ് പ്രൈസും ടൂർണമെന്റ് ടെക്നിക്കൽ കൺവീനർ ഷറഫുദ്ധീൻ ചടങ്ങിൽ കൈമാറി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സമ്മാന പദ്ധതിയുടെ കോർഡിനേറ്റർ സുനിൽകുമാർ നന്ദിയും പറഞ്ഞു.