കണ്ണൂർ
പ്രവേശനകവാടത്തിലെ എ കെ ജിയുടെ പൂർണകായ പ്രതിമയ്ക്ക് മുന്നിൽ എന്നും തിരക്കാണ്. പാവങ്ങളുടെ പടത്തലവന്റെ ജീവൻ തുടിക്കുന്ന പ്രതിമയുടെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ. ഇതില്ലാതെ പ്രദർശനനഗരയിലെത്തുന്ന ആരും മടങ്ങുന്നില്ല. തലശേരിയിൽ വർഗീയകലാപകാലത്ത് എ കെ ജി ജീപ്പിന്റെ ബോണറ്റിൽ കയറി പ്രസംഗിക്കുന്ന ശിൽപ്പത്തിന് മുന്നിലും ആളൊഴിഞ്ഞ നേരമില്ല.
ചരിത്ര–-ചിത്ര–- ശിൽപ്പ പ്രദർശന നഗരിയിലെത്തുന്നവരെല്ലാം ചിത്രം പകർത്താനും നേതാക്കളുടെ വാക്കുകളും ചരിത്ര സംഭവങ്ങളുടെ നാൾവഴികളും ഡയറിയിൽ കുറിച്ചിടാനുമുള്ള തിരക്കിലാണ്. കുടുംബസമേതം ശിൽപ്പങ്ങൾക്കുമുന്നിൽ സെൽഫിയെടുക്കാൻ മത്സരിക്കുമ്പോൾ പ്രോജ്വല ചരിത്രത്തിന്റെ പുനരാവിഷ്കാര ശിൽപ്പങ്ങളെല്ലാം ആൾത്തിരക്കേറിയ സെൽഫി സ്പോട്ടുകളായും മാറുന്നു. ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ചിത്രങ്ങളും ശിൽപ്പങ്ങളുമെല്ലാം മാഞ്ഞുപോകാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ചോര കിനിഞ്ഞ പോരാട്ടങ്ങളും ചെറുത്തുനിൽപ്പിന്റെ നേർചിത്രങ്ങളും ശിൽപ്പമായും ചിത്രമായും ഹൃദയത്തിലേറ്റുവാങ്ങുകയാണ് ഇവിടെയെത്തുന്ന ഓരോ മനുഷ്യനും. തൂക്കുമരത്തിനു മുന്നിൽ കണ്ണീർ വാർക്കാതെ മുദ്രാവാക്യം വിളിച്ചുനിൽക്കുന്ന കയ്യൂർ സഖാക്കൾക്ക് മുന്നിലെത്തുമ്പോൾ അറിയാതെ പലരും മുഷ്ടി ചുരുട്ടുന്നു. ജനം ഒഴുകിയെത്തുകയാണ് ഇവിടേക്ക്. കേരളത്തിലെ എല്ലാ ജില്ലയിലുമുള്ളവർക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഈ ചരിത്ര ഭൂമിയിൽ എത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ചരിത്ര പ്രസിദ്ധമായ കമ്യൂണിസ്റ്റ്– -കർഷക പോരാട്ടങ്ങൾ ചിത്രങ്ങളായും ശിൽപ്പങ്ങളായും പുനരാവിഷ്കരിച്ചിട്ടുള്ളതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും പ്രദർശനം പ്രിയങ്കരമാവുന്നു.
തീ തുപ്പുന്ന തോക്കിന് മുന്നിൽ വാരിക്കുന്തവുമായി പോരടിക്കുന്ന പുന്നപ്ര–- വയലാർ പോരാളികൾ, കരിവെള്ളൂർ സമരക്കാഴ്ചകൾ എന്നിവയൊക്കെ ഇൻസ്റ്റലേഷനായും ചിത്രമായും ചരിത്രത്തിലേക്ക് നയിക്കുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊല, വാഗൺ ട്രാജഡി, തമിഴ്നാട്ടിലെ കീഴ്വെൺമണി കൂട്ടക്കൊല, 1921 ലെ മലബാർ കലാപം തുടങ്ങി ഓർക്കുമ്പോൾ കരൾപിടയ്ക്കുന്ന സംഭവങ്ങളൊക്കെയും നേർചിത്രമായുണ്ട്.
ഇന്നലകളുടെ ചരിത്രത്തെ സമരായുധമാക്കാനുള്ള ദൃഢനിശ്ചയവുമായാണ് കലക്ടറേറ്റ് മൈതാനിയിലെ കെ വരദരാജൻ നഗറിലെ പ്രദർശനത്തിലെത്തുന്നവർ തിരിച്ചിറങ്ങുന്നത്. അത്രമേൽ ആവേശം പകരുന്ന പഠനാർഹമായ വസ്തുതകളാണ് ഇവിടെ പുനർജനിച്ചിട്ടുള്ളത്. അതും ഒരു ചരിത്രമായി മാറിയിരിക്കുന്നു. പ്രദർശനത്തെക്കുറിച്ചുള്ള ‘ചരിത്രം ഒരു സമരായുധം’ പുസ്തകത്തിനും ആവശ്യക്കാരേറെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]