
തനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിട്ടുണ്ടെന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. ഓക്സ്ഫഡ് ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിക്കവേയാണ് ചെറുപ്പകാലത്ത് തനിക്കുണ്ടായിരുന്ന പ്രശ്നത്തേക്കുറിച്ച് എ.ആർ.റഹ്മാൻ തുറന്നുപറഞ്ഞത്.
തനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നതായും അമ്മ കരീമ ബീഗത്തിന്റെ ഉപദേശമാണ് അതിൽനിന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നും എ.ആർ. റഹ്മാൻ പറഞ്ഞു. ‘നീ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകൾ ഉണ്ടാവില്ലെന്ന് എന്റെ ചിന്തകൾ മനസിലാക്കിയ അമ്മ ഒരിക്കൽ എന്നോടുപറഞ്ഞു. അമ്മയിൽ നിന്ന് എനിക്കുലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്. റഹ്മാൻ പറഞ്ഞു.
മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ചും റഹ്മാൻ സംസാരിച്ചു. നിങ്ങൾ സ്വാർഥതയോടെയല്ല ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിന് ഒരു അർഥമുണ്ട്. മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നത്. ആർക്കെങ്കിലും വേണ്ടി ചിട്ടപ്പെടുത്തുമ്പോൾ, ഭക്ഷണംവാങ്ങാൻ സാധിക്കാത്തവർക്ക് അതുവാങ്ങിക്കൊടുക്കുമ്പോൾ, അതുമല്ലെങ്കിൽ ഒരാളെ നോക്കി പുഞ്ചിരിക്കുമ്പോഴാണ് നമ്മൾ ജീവിതത്തിൽ മുന്നോട്ടുനയിക്കപ്പെടുന്നത്. എല്ലാവർക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും. അസാധാരണമായ എന്തൊക്കെയോ നിങ്ങളെ കാത്തിരിപ്പുണ്ട്.
എല്ലാവരുടെയും ജീവിതത്തിൽ ഇരുണ്ട കാലഘട്ടങ്ങളുണ്ടാകും. ഈ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രമാണ്. നാം ജനിച്ചു, ജീവിച്ചു, പിന്നെ മരിക്കുന്നു. ശേഷം എവിടേക്കാണു പോകുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിക്കും മരണാനന്തര ജീവിതത്തെക്കുറിച്ച് അവരവരുടെ ഭാവനയ്ക്കും വിശ്വാസത്തിനുമനുസരിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാകുമെന്നും എ.ആർ.റഹ്മാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]