
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ കഴിഞ്ഞ ദിവസം എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശന പ്രസംഗത്തിൽ പ്രതികരിച്ച് സാഹിത്യകാരൻ എം കെ സാനു രംഗത്ത്. പിണറായിയുടെ ഭരണത്തെക്കുറിച്ചുകൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്നാണ് സാനു പറഞ്ഞത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞതുകൊണ്ടാണ് അങ്ങനെ കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ആരെയാണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി പറയാൻ എം ടിക്ക് മാത്രമേ സാധിക്കൂ എന്നും സാനു വിവരിച്ചു. പൊതുവിൽ രാജ്യത്ത് കാണുന്ന സ്വേച്ഛാധിപത്യ പ്രവണകളെക്കുറിച്ചുകൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്നും എം കെ സാനു കൂട്ടുച്ചേർത്തു.
അതിനിടെ എഴുത്തുകാരൻ എൻ എസ് മാധവനും എം ടി വാസുദേവൻ നായരുടെ പ്രസംഗത്തിൽ പ്രതികരിച്ച് രംഗത്തെത്തി. എം ടി വിമർശിച്ചത് സി പി എമ്മിനെയും സർക്കാരിനെയുമാണെന്നാണ് എൻ എസ് മാധവന്റെ അഭിപ്രായം. എം ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമർശനം ഉൾക്കൊണ്ട് സി പി എം ആത്മ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എൻ എസ് മാധവൻ പറഞ്ഞു.
അതേസമയം എം ടി വാസുദേവൻ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തിൽ പുതുമയില്ലെന്നാണ് സി പി എം വിലയിരുത്തൽ. ഇതേ കാര്യം മുൻപും എം ടി എഴുതിയിട്ടുണ്ട്. ഇ എം എസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം മാത്രമാണിതെന്നും രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ് ലേഖനമെന്നും സി പി എം ചൂണ്ടിക്കാട്ടുന്നുണ്ട്. എം ടിയുടെ പ്രസംഗത്തിലെ പരാമർശവും ലേഖനവും തമ്മിൽ ഉള്ളടക്കത്തിൽ ചെറിയ വ്യത്യാസം മാത്രമാണുളളത്. നിലവിൽ ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നുമുള്ള വിലയിരുത്തലാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളത്. കോഴിക്കോട് കടപ്പുറത്ത് ഡി സി ബുക്സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് രൂക്ഷമായി വിമർശിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനം തൊടുത്തുവിടുകയായിരുന്നു.
Last Updated Jan 12, 2024, 4:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]