
മലയാള സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകനാണ് കമല്‍. പി.എന്‍. മേനോന്, കെ.എസ്. സേതുമാധവന്, ഭരതന് എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച കമല്‍ 1986-ല്‍ പുറത്തിറങ്ങിയ ‘മിഴിനീര്‍പൂക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുന്‍പെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മള്, പെരുമഴക്കാലം, കറുത്ത പക്ഷികള്‍, സെല്ലുലോയ്ഡ് തുടങ്ങി ഒരുപാട് മികച്ച സിനിമകള്‍ കമല്‍ അണിയിച്ചൊരുക്കി. മികച്ച സംവിധായകനും തിരക്കഥകൃത്തിനുമുള്ള സംസ്ഥാന പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയ വ്യക്തിയാണ് കമല്‍.
2019-ല്‍ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ നായകനാക്കി വിവേകാനന്ദന് വൈറലാണ് എന്ന ചിത്രവുമായി കമല്‍ വീണ്ടുമെത്തുകയാണ്. ‘വിവേകാനന്ദന് വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാന്‍ സാധിക്കാതെ വന്നെന്നും കമല്‍ പറഞ്ഞു . സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഈ ദിവസത്തിന് എന്നെ സംബന്ധിച്ച് വളരെയധികം പ്രത്യേകത ഉണ്ട്. നാലര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനൊരു സിനിമ ചെയ്യുന്നത്. കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഇടവേള വരുന്നത്. ഞാന്‍ സംവിധായകനായി 38 വര്‍ഷമായി. എന്റെ കൂടെ സഹകരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്, സാങ്കേതിക പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, മലയാള സിനിമയിലെ കുലപതികള്‍ ആയിട്ടുള്ള എല്ലാവരെയും വച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമായിട്ട് കണക്കാക്കുകയാണ്. കഴിഞ്ഞ 38 വര്‍ഷങ്ങള്‍ക്കിടയില്‍ 48 സിനിമകള്‍ ചെയ്തു.
“എന്നെക്കാളും മുതിര്‍ന്ന സംവിധായകരായ സിബിയെപ്പോലെയുള്ളവരൊക്കെ ഇവിടെ ഇരിക്കുന്നുണ്ട്. എന്നേക്കാള്‍ കൂടുതല്‍ സിനിമ ചെയ്തിട്ടുള്ള സംവിധായകര്‍ ഒരുപാടുണ്ട്. പുതിയ കാലത്ത് ഒരു സിനിമ ചെയ്യാന്‍ തന്നെ വലിയ ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികളൊക്കെ ഒരു സിനിമ ചെയ്തിട്ട് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് അടുത്ത സിനിമ ചെയ്യുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗ്യാപ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. കോവിഡ് വന്നതോടെ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടി. പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകള് വന്നു. സിനിമയുടെ സാങ്കേതിക തലങ്ങള്‍ തന്നെ മാറി, സിനിമ പുതിയ ഒരു തലത്തിലെത്തി. 2021 ഡിസംബറിലാണ് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറുന്നത്. അതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി പോയി.
“അതിനിടെ എല്ലാ ഭാഷകളിലെയും സിനിമകള്‍ കാണാറുണ്ടായിരുന്നു. മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും. സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും സിനിമയുടെ ഭാഷ തന്നെയും മാറിപ്പോകുന്നതും ശ്രദ്ധിച്ചു കൊണ്ടിരുന്നു. നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകള്‍ വരുന്നത്. ഇനിയെന്ത് എന്നൊരു ചോദ്യം കുറെക്കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല.
“ഇതിനിടയില്‍ ഞാനൊരു തിരക്കഥ എഴുതി. മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് സമീപിച്ചത്. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇവിടെ പറയുന്നില്ല. ആ വ്യക്തിയ്ക്ക് വേണ്ടി കുറെ നാള് കാത്തിരുന്നു. അതിന്റെ നിര്‍മാതാക്കള്‍ ഡോള്‍വിനും ജിനു എബ്രഹാമും ഇപ്പോള്‍ ഇവിടെ ഇരിക്കുന്നുണ്ട്. അതായിരുന്നു ഞാന്‍ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അവിടെയും മുന്നോട്ട് പോകാന്‍ പറ്റാതിരുന്ന സമയത്താണ് പെട്ടെന്ന് ഈ ഒരു സിനിമയുടെ തിരക്കഥ മനസ്സില്‍ വരുന്നത്. പുതിയ കാലത്തെ അഡ്രസ്സ് ചെയ്യുന്ന, വളരെ സാമൂഹിക പ്രസക്തിയുള്ള, പുതിയ തലമുറയ്ക്ക് വളരെ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമാണ് ഇതിലെ വിവേകാനന്ദന് എന്ന് തോന്നി. ആ കഥാപാത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞു വന്നത്.
“മനസ്സ് ബ്ലോക്ക് ആയിരിക്കുന്ന സമയത്ത് എനിക്ക് പിന്തുണ തന്നത് ഭാര്യയും മക്കളും സുഹൃത്തുക്കളും ആണ്. എന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇവിടെ വന്നിട്ടുണ്ട്. അതില്‍ എന്നെ പ്രചോദിപ്പിച്ച ഒന്ന് രണ്ടു പേരെ പറ്റി പറയാതിരിക്കാനാവില്ല. ഒന്ന് അഷ്റഫ് ആണ്. നീ ഇനിയും സിനിമ ചെയ്യണം എന്ന് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച ആളാണ് അഷ്റഫ് ഇക്ക. പിന്നെ ഒന്ന് എന്റെ ഒരു സുഹൃത്ത് കെ.ആര്. സുനില്‍ ആണ്. സുനില്‍ മിക്കവാറും ദിവസങ്ങള്‍ എന്റെ അടുത്ത് വരും. ഞാന്‍ അദ്ദേഹത്തോട് കഥകള്‍ സംസാരിക്കും. അങ്ങനെ സംസാരിച്ചു വന്നപ്പോഴാണ് ഈ കഥ പൂര്‍ണമായ രൂപത്തിലേക്ക് വന്നതും തിരക്കഥ എഴുതിയതും.
“ഈ സിനിമയുടെ തിരക്കഥയെഴുതാന്‍ അധികം സമയം എടുത്തില്ല. എന്റെ മനസ്സില്‍ വിവേകാനന്ദന് ആയി ഷൈന്‍ ടോം ചാക്കോ അല്ലാതെ വേറൊരു നടന് വന്നില്ല എന്നുള്ളതാണ് സത്യം. കുഞ്ചാക്കോ ബോബന് ഈ റോളില്‍ അഭിനയിക്കില്ല എന്ന് ഉറപ്പാണ്. ചാക്കോച്ചനോട് ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞാല്‍ എന്നെ എപ്പോള്‍ ഓടിച്ചെന്ന് ചോദിച്ചാല്‍ മതി. പിന്നെ സൗബിന് ആണ്. സൗബിന് സംവിധാനവുമായി വളരെ തിരക്കിലാണ്. മലയാളത്തില്‍ യുവാക്കളായ ഒരുപാട് ഹീറോസ് ഉണ്ട്. ആരുടെ അടുത്ത് ചെന്നാലും ഈ റോള്‍ അവരാരും അഭിനയിക്കില്ല. ഇത് അഭിനയിക്കുമെന്ന് ധൈര്യമായി എനിക്ക് പറയാന്‍ കഴിയുന്നത് ഷൈനിനെയാണ്. ഷൈനോട് ഞാന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്, നിനക്ക് എപ്പോഴാണ് സൗകര്യം എന്ന് ചോദിച്ചു. ഷൈന്‍ പറഞ്ഞത് സാറ് പ്ലാന്‍ ചെയ്തോളൂ, ഒരു മാസം മുന്നേ എന്നോട് ഒന്നു പറഞ്ഞാല്‍ മതി, ഞാന്‍ ഏത് പടം ഉണ്ടെങ്കിലും ഒഴിവാക്കിയിട്ട് വരാം എന്നാണ്. ആ ആത്മവിശ്വാസമാണ് പെട്ടെന്ന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കാരണം.
“ഇക്കാലത്ത് നിര്‍മാതാവൊരു പ്രശ്നമാണ്. പണ്ട് നമ്മുടെ അടുത്ത് നിര്‍മാതാക്കള്‍ ക്യൂ നില്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. സിനിമ ഏതു ചെയ്യും എന്നൊരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ താരത്തിന്റെ ഡേറ്റ് കിട്ടി, എല്ലാം ശരിയായാല്‍ മാത്രമേ നിര്‍മാതാവ് ധൈര്യമായി സിനിമ ചെയ്യാന്‍ വരൂ. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത മറ്റൊരാളാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് കൊടുങ്ങല്ലൂര്‍. ഗിരീഷാണ് എന്നോട് പറഞ്ഞത്, സാറേ നമുക്ക് ഒരു പാര്‍ട്ടിയുണ്ട് അദ്ദേഹവുമായി സംസാരിക്കാം എന്ന്. ഗിരീഷാണ് നസീബ് റഹ്മാനെയും ഷെല്ലി രാജിനെയും കൂട്ടി എന്റെ അടുത്തേക്ക് വരുന്നത്. അവര്‍ പറഞ്ഞത്, എന്ത് കഥയായാലും കുഴപ്പമില്ല സാറിനോടൊപ്പം ഒരു പടം ചെയ്യണം അത്ര മാത്രമേയുള്ളൂ എന്നാണ്. പിന്നെ കാര്യങ്ങളൊക്കെ പെട്ടെന്ന് സംഭവിച്ചു. തിരക്കഥ പൂര്‍ത്തിയാക്കി. ഷൈനിന്റെ ഡേറ്റ് ഒക്കെയായി. പിന്നെ ഗ്രേസ് ആന്റണി, സ്വാസിക, മെറീന തുടങ്ങിയ ആര്‍ട്ടിസ്റ്റുകളെ എല്ലാം വളരെ പെട്ടെന്ന് കിട്ടി. ഞാന്‍ തിരക്കഥയില്‍ ഉദ്ദേശിച്ച താരങ്ങളെല്ലാം നമുക്ക് വളരെ പെട്ടെന്ന് കിട്ടി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ എഴുതിവച്ച കഥാപാത്രങ്ങളെ ഒന്നും പിന്നെ മാറ്റേണ്ടി വന്നില്ല.” -കമല്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]