
‘‘ഒപ്പം നടന്നതെൻ ജന്മപുണ്യത്തിനാൽ തെറ്റിയെൻ ശ്രുതിയെങ്കിൽ നീ മറന്നേക്കുക’’
ജനുവരി പത്ത് അനുഗ്രഹിക്കപ്പെട്ട ദിവസമാണ്. അന്നാണ് ദൈവംതൊട്ട കണ്ഠവുമായി ഒരു ശിശു ഈ ഭൂമിയിൽ പിറന്നുവീണത്. ആ ഭാഗ്യമുണ്ടായത് മലയാളമണ്ണിനാണ്. നാടകനടനും ഗായകനുമായ അഗസ്റ്റിൻ ജോസഫിന്റെയും ഏലിയാമ്മയുടെയും ആദ്യസന്തതിയായി ഒരു ആൺകുഞ്ഞു ജനിച്ചു. മൗലികപ്രതിഭയുണ്ടായിരുന്ന അഗസ്റ്റിൻ ജോസഫ് ജോൺ എന്നോ ജേക്കബ് എന്നോ ഡാനിയേൽ എന്നോ മകന് പേരിട്ടില്ല.
തന്റെ കുഞ്ഞിന് യേശുദാസ് എന്ന് പേരിട്ടു. ദൈവദാസൻ സംഗീതത്തിന്റെ ദാസനായി. സംഗീതംതന്നെ അദ്ദേഹത്തിന്റെ മതമായി. എന്തിന്? സംഗീതംതന്നെ ജീവിതമായി. ഭാവനാസമ്പന്നരായ സംഗീതസംവിധായകർ എന്റെ അക്ഷരങ്ങളെ രാഗതാളങ്ങളുടെ ആടയാഭരണങ്ങളും ചിലങ്കകളും അണിയിച്ചു. യേശുദാസിന്റെ ശബ്ദത്തിൽ എന്റെ അക്ഷരങ്ങൾ നൃത്തംചെയ്തു. അങ്ങനെ അഞ്ഞൂറ്റിരണ്ട്! അക്ഷരനൃത്തങ്ങൾ നടന്നു.
എന്തുകൊണ്ട് യേശുദാസ്? എന്ന ചോദ്യത്തിന് ഉത്തരം പറയാൻ കഴിഞ്ഞ അമ്പത്തെട്ടു വർഷങ്ങൾ ആ പ്രതിഭയോടൊപ്പം നടന്ന ഈയുള്ളവന് നിഷ്പ്രയാസം സാധിക്കും.
ദേവരാജൻ മാസ്റ്ററുടെ നിരീക്ഷണം
ഒരു ചലച്ചിത്രഗായകന് അത്യന്താപേക്ഷിതമായ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മലയാളം കണ്ട ഏറ്റവും വലിയ സംഗീതസംവിധായകരിൽ മുമ്പനായ പരവൂർ ജി. ദേവരാജൻ പറഞ്ഞ ഉത്തരം ഞാൻ എന്റെ ഓർമയിൽ കൊത്തിെവച്ചിട്ടുണ്ട്. പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആയിട്ടും മുന്നേറാൻ കഴിയാതെ വിഷമിക്കുന്ന ഒരു പിന്നണിഗായകനെ എന്തുകൊണ്ട് താങ്കൾ അവഗണിക്കുന്നു, എന്ന് ഒരിക്കൽ ഞാൻ ദേവരാജൻമാസ്റ്ററോട് തുറന്നുചോദിച്ചു. സാധാരണഗതിയിൽ ഇത്തരം ചോദ്യങ്ങൾക്കു മുമ്പിൽ തർക്കുത്തരം പറഞ്ഞ് ഒഴിഞ്ഞുമാറുന്നതാണ് അദ്ദേഹത്തിന്റെ രീതി. പക്ഷേ, ഞങ്ങൾക്കിടയിൽ തീവ്രമായ സ്നേഹവും പരിഗണനയും നിലനിൽക്കുന്ന സമയമായിരുന്നതുകൊണ്ട് അദ്ദേഹം ശരിയായവിധത്തിൽ എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞു:
‘‘തമ്പി പുകഴ്ത്തുന്ന പാട്ടുകാരന്റെ നാല് പാട്ടുകൾ പരിശോധിക്ക്, ഒരു വരിയും നിഷാദത്തെ (നി എന്ന സ്വരം) തൊടുന്നില്ല. അയാൾ മേൽഷഡ്ജത്തിൽ തൊട്ടാൽ ശബ്ദത്തിൽ വെള്ളി വീഴും. ഞാൻ കീഴ്ഷഡ്ജം മുതൽ മേൽഷഡ്ജം വരെയുള്ള സ്വരങ്ങളെയിട്ട് അമ്മാനമാടുന്നവനാണ്. ഇത്തരം പരിമിതികളുള്ള പാട്ടുകാർക്ക് എന്റെ പാട്ടുകൾ പാടാൻ പ്രയാസമാണ്.
പിന്നെ ഞാൻ ഒരു പാട്ടുകാരനെ സഹായിക്കാൻ വേണ്ടി എന്റെ ശൈലി മാറ്റാൻ തയ്യാറല്ല. ഞാൻ പറഞ്ഞ രീതിയിൽ പാടാൻ കഴിവുള്ള ഒരു പാട്ടുകാരനേയുള്ളൂ. അത് യേശുവാണ്. പിന്നെ, ചില പാട്ടുകൾ പാടാൻ ജയചന്ദ്രനും പറ്റും. തന്റെ ശബ്ദത്തെ ഏതു സ്ഥായിയിലേക്കുകൊണ്ടുപോകാനും യേശുവിനു നിഷ്പ്രയാസം സാധിക്കും. ഒരു പാട്ടുകാരന് അത്യാവശ്യം വേണ്ട മറ്റൊരു ഗുണം ഉച്ചാരണശുദ്ധിയാണ്. അതിലും അയാൾ മിടുക്കനാണ്. പിന്നെ ശബ്ദം അതിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ.’’
പെട്ടെന്ന് എന്റെ മനസ്സിൽ ഉയർന്നുകേട്ടത് ദേവരാജൻമാസ്റ്ററുടെ രണ്ടു പാട്ടുകളാണ്. മന്ദ്രസ്ഥായിയിൽ തുടങ്ങുന്ന ‘പാരിജാതം തിരുമിഴി തുറന്നു, പവിഴമുന്തിരി പൂത്തു വിടർന്നു…
നീലോല്പലമിഴി നീലോല്പലമിഴി നീ മാത്രമെന്തിനുറങ്ങി…’, എന്ന ഗാനവും ‘കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു; കായലിലെ വിളക്കുമരം കണ്ണടച്ചു, സ്വർഗവും നരകവും കാലമാം കടലിൻ അക്കരെയോ ഇക്കരെയോ…’ എന്ന ഗാനവും. രണ്ടും വയലാറിന്റെ രചനകൾ.
ഈ രണ്ടു ഗാനങ്ങളിലെ സ്വരക്രമീകരണങ്ങളും അങ്ങേയറ്റം വ്യത്യസ്തങ്ങളാണ്. യേശുദാസ് രണ്ടു ഗാനങ്ങളും എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു. ഉയർന്ന സ്ഥായിയിൽ അക്കരെയോ ഇക്കരെയോ എന്നു പാടുമ്പോഴും മന്ദ്രസ്ഥായിയിൽ പാരിജാതം… എന്ന് പാടുമ്പോഴും ആ ശബ്ദത്തിന് ഒരേ മധുരം. എത്ര സൂക്ഷ്മതയോടെയാണ് അദ്ദേഹം ഈ രണ്ടു പാട്ടുകളിലും ശ്രുതിശുദ്ധി നില നിർത്തിയിരിക്കുന്നത്.
എനിക്കും ദേവരാജൻ മാസ്റ്റർക്കുമിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ളതുപോലെ ഒരു പ്രത്യേക ഘട്ടത്തിൽ ദേവരാജൻമാസ്റ്റർക്ക് യേശുദാസിനോടും നീരസം തോന്നിയിരുന്നു എന്നത് സത്യമാണ്. യേശുദാസിന്റെ ഗുണഗണങ്ങളുള്ള ഒരു ഗായകനെ കണ്ടെത്താൻ നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്ന സംഗീതസംവിധായകനും ദേവരാജൻമാസ്റ്റർ തന്നെയാണ്. ഗായകനായ അഗസ്റ്റിൻ ജോസഫിന്റെ മകനാണ് യേശുദാസ്. അതുപോലൊരു നാടകഗായകന്റെ മകനുണ്ട് മലയാളത്തിൽ മലബാർ ഗോപാലൻ നായരുടെ മകനായ എം.ജി. രാധാകൃഷ്ണൻ.
കർണാടകസംഗീതത്തിൽ യേശുദാസിനെക്കാൾ ഒട്ടും പിന്നിലല്ല എന്റെ ബാല്യകാലസുഹൃത്തും സഹപാഠിയുമായ രാധാകൃഷ്ണൻ എന്നു ഞാനും സമ്മതിക്കുന്നു. മികച്ച ആലാപനം ജനകീയമാകണമെങ്കിൽ ജ്ഞാനംമാത്രം മതിയോ? നല്ല ശബ്ദവും വേണ്ടേ? എം ജി. രാധാകൃഷ്ണന് ദേവരാജൻ മാസ്റ്റർ രണ്ടു മൂന്നു പാട്ടുകൾ നൽകി. എന്നാൽ, രാധാകൃഷ്ണൻ പിന്നണിഗായകനായി ശോഭിച്ചില്ല. സംഗീതസംവിധായകനായിട്ടാണ് അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചത്.
സിനിമയിൽ പരീക്ഷണങ്ങൾ ചെയ്യാൻ എപ്പോഴും തയ്യാറായിരുന്ന എസ്.കെ.നായർ എന്ന നിർമാതാവ് ചെമ്പരത്തി എന്ന ചിത്രത്തിനുശേഷം നിർമിച്ച ചായം എന്ന സിനിമയിലെ ഏറ്റവും മികച്ച ഗാനം അയിരൂർ സദാശിവൻ എന്ന ഗായകനെക്കൊണ്ട് പാടിക്കാൻ ദേവരാജൻ മാസ്റ്ററെ അനുവദിച്ചു. ചെമ്പരത്തിയിലെ ‘ചക്രവർത്തിനീ…’ എന്ന അവിസ്മരണീയഗാനം പാടിയത് യേശുദാസ് ആണെന്ന്
ഓർമിക്കണം. ചായത്തിലെ ‘അമ്മേ, അമ്മേ… അവിടുത്തെ മുമ്പിൽ ഞാനാര് ദൈവമാര്…’ എന്ന അതിമനോഹരഗാനം അയിരൂർ സദാശിവൻ ഭംഗിയായി പാടി. എല്ലാവർക്കും ആ ഗാനം ഇഷ്ടപ്പെട്ടു. റോസി, ഓളവുംതീരവും എന്നീ സിനിമകളിലൂടെ മലയാളസിനിമയെ സ്റ്റുഡിയോ സെറ്റുകളിൽനിന്ന് രക്ഷപ്പെടുത്തിയ മികച്ച സംവിധായകനാണ് പി.എൻ. മേനോൻ. അദ്ദേഹം എന്നോടു പറഞ്ഞു: ‘‘നിങ്ങടെ യേശുദാസിന്റെ കാലം കഴിഞ്ഞു. ഇനി അയിരൂർ സദാശിവന്റെ കാലമാണ്.’’ ഞാൻ അദ്ദേഹത്തെ എതിർത്തില്ല. ദേവരാജൻ മാസ്റ്റർ ഈ പുതിയ ഗായകന് വീണ്ടും അവസരങ്ങൾ നൽകി. ആദ്യഗാനത്തെപോലെ അയിരൂർ സദാശിവൻ തുടർന്ന് പാടിയ പാട്ടുകൾ നിലനിൽക്കുകയുണ്ടായില്ല. വീണ്ടും ദേവരാജൻമാസ്റ്റർ പുതിയ ഗായകരെ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ശശിധരൻ എന്ന ഗായകൻ (അദ്ദേഹം തന്റെ പേര് ശ്രീകാന്ത് എന്നു മാറ്റി ) ഞാനെഴുതിയ ‘അഭിലാഷമോഹിനീ , അമൃതവാഹിനീ…’ എന്ന പാട്ടാണ് ദേവരാജസംഗീതത്തിൽ ആദ്യം പാടിയത്. വീണ്ടും ദേവരാജൻ മാസ്റ്റർ, മറ്റൊരു ഗായകനെ അവതരിപ്പിച്ചു. നിലമ്പൂർ കാർത്തികേയൻ. അദ്ദേഹവും മാസ്റ്റർ ഈണം പകർന്ന ചില ഗാനങ്ങൾ പാടി. എന്നാൽ, എന്നും യേശുദാസ് അചഞ്ചലമായിത്തന്നെ നിലകൊണ്ടു. അതിന്റെ കാരണം ദേവരാജൻ മാസ്റ്റർ തന്നെ പറഞ്ഞത് ഞാൻ ഉദ്ധരിച്ചുകഴിഞ്ഞു. തന്റെ പിന്നാലെ മറ്റൊരു പാട്ടുകാരനും വളരാൻ യേശുദാസ് അനുവദിച്ചില്ല എന്ന് ആരോപണം ഉന്നയിക്കുന്ന ചില സംഘങ്ങളുണ്ട്.
അവർ മറുപടി അർഹിക്കുന്നില്ല. എന്റെ അനുഭവം പറയട്ടെ ഒരു സ്റ്റേജിൽ ജോളി എബ്രഹാം എന്ന യുവഗായകൻ ഞാൻ എഴുതി ബാബുരാജ് ഈണം പകർന്ന ‘അകലെയകലെ നീലാകാശം…’ എന്ന ഗാനം പാടിയത് എന്നെ വല്ലാതെ ആകർഷിച്ചു. ‘ജയിക്കാനായി ജനിച്ചവൻ ഞാൻ, എതിർക്കാനായ് വളർന്നവർ ഞാൻ…’ എന്ന ഗാനത്തിലൂടെ ഞാൻ ജോളി എബ്രഹാം എന്ന പുതിയ ഗായകനെ മലയാളസിനിമയിൽ അവതരിപ്പിച്ചു. യേശുദാസ് എന്നോട് പിണങ്ങിയില്ല. പിന്നീട് മൂന്നു ഗായകരെക്കൂടി ഞാൻ മലയാളസിനിമയിൽ കൊണ്ടുവന്നു. മോഹിനിയാട്ടം എന്ന ചിത്രത്തിൽ ‘രാധിക കൃഷ്ണാ രാധിക തവവിരഹേ കേശവ…’ എന്ന അഷ്ടപദി പാടിയ മണ്ണൂർ രാജകുമാരനുണ്ണി , മുന്നേറ്റം എന്ന സിനിമയിൽ വാണിജയറാമിനൊപ്പം ‘വളകിലുക്കം ഒരു വളകിലുക്കം…’ എന്ന ഗാനം പാടിയ ഉണ്ണിമേനോൻ. ബന്ധുക്കൾ ശത്രുക്കൾ എന്നസിനിയയ്ക്കുവേണ്ടി ‘മറു കേളരാ ഓ രാഘവാ…’ എന്ന ത്യാഗരാജകൃതി പാടിയ പി. ഉണ്ണികൃഷ്ണൻ ( അതിനുശേഷമാണ് എ.ആർ. റഹ്മന്റെ സംഗീതത്തിൽ പി. ഉണ്ണികൃഷ്ണൻ പാടിയത്.)
കലാകാരന്റെ ആത്മവിശ്വാസം
നിങ്ങൾ എനിക്കെതിരായി നാല് പാട്ടുകാരെ കൊണ്ടുവന്നു എന്ന് യേശുദാസ് ഒരിക്കലും എന്നോടുപറഞ്ഞിട്ടില്ല. യേശുദാസ് ആത്മവിശ്വാസമുള്ള കലാകാരനാണ്. സ്വന്തം പ്രതിഭയുടെ ശക്തി മറ്റാരെക്കാളും മനസ്സിലാക്കിയിട്ടുള്ളത് അദ്ദേഹം തന്നെയാണ്.
ആലാപനത്തിന്റെ വൈവിധ്യത്തിൽ മുഹമ്മദ് റഫിക്കു തുല്യനാണ് യേശുദാസ് എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. ദർബാരി രാഗത്തിന്റെ എല്ലാ ഭാവങ്ങളും സമ്മേളിക്കുന്ന നൗഷാദിന്റെ ‘യേ ദുനിയാ കെ രഖ് വാലേ …’ എന്ന ഗാനം ആലപിച്ച റഫിസാഹിബ് തന്നെയാണ് ഗുരുദത്തിന്റെ പ്യാസാ എന്ന സിനിമയിൽ ഹാസ്യനടൻ ജോണി വാക്കറിനു വേണ്ടി ‘ജോ തേരാ ചകരായേ യാ ദിൽ ഡൂബാ ജായേ, ആ ജാ പ്യാരേ പാസ്സ് ഹാമാരെ…’ എന്ന ഹാസ്യഗാനം പാടിയത്.
അതുപോലെ ‘താമസമെന്തേ വരുവാൻ…’ എന്ന ഗാനവും ‘ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി…’ എന്ന ഗാനവും ആലപിച്ച യേശുദാസ് തന്നെയാണ് ‘സുറുമ, നല്ല സുറുമ…’ എന്ന പാട്ട് ഒരു വഴിക്കച്ചവടക്കാരന്റെ ഭാവഹാവാദികളോടുകൂടി പാടിയത്.
സത്യൻ മാസ്റ്റർക്കു വേണ്ടി ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു…’ എന്ന ഗാനവും പ്രേംനസീറിനുവേണ്ടി ‘കണ്ണീരും സ്വപ്നങ്ങളും വിൽക്കാനായ് വന്നവൻ ഞാൻ…’ എന്ന പാട്ടും മധുവിനുവേണ്ടി നാടൻപാട്ടിന്റെ ശൈലിയിൽ ‘കാവാലം ചുണ്ടൻവള്ളം അണിഞ്ഞൊരുങ്ങി കായൽപ്പൂതിരകൾ ആർപ്പു വിളി തുടങ്ങി…’ എന്ന പാട്ടും പാടിയ ഗായകൻ തന്നെയാണ് കുതിരവട്ടം പപ്പുവിനുവേണ്ടി പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് എന്ന പാട്ടുപാടിയത്. ‘ആകാശരൂപിണി അന്നപൂർണേശ്വരി അഭയം തവപദകമലം…’ എന്ന ഹിന്ദുഭക്തിഗാനവും ‘സത്യനായകാ മുക്തിദായകാ…’ എന്ന ക്രിസ്ത്യൻ ഭക്തിഗാനവും ‘ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പൂ…’ എന്ന മുസ്ലിം ഭക്തിഗാനവും ആ കണ്ഠത്തിൽ ഭദ്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]