
റിയാദ് – വിഖ്യാതമായ കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡിന് ജപ്പാന് മുസ്ലിം അസോസിയേഷന് അര്‍ഹമായി. സെലക്ഷന് കമ്മിറ്റികള്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ റിയാദില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് 46-ാമത് കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ജപ്പാനിലെ മുസ്ലിംകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അവരെ പരിപാലിക്കുന്നതും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതും വളര്‍ന്നുവരുന്ന മുസ്ലിം യുവതലമുറക്ക് അധ്യാപനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നല്കുന്ന കരുതലും നിരവധി വിദ്യാര്‍ഥികളെ മുസ്ലിം രാജ്യങ്ങളിലേക്ക് സ്കോളര്‍ഷിപ്പോടെ പഠനത്തിന് അയക്കുന്നതും ഗ്രന്ഥങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഇസ്ലാമിന്റെ യഥാര്‍ഥ ചിത്രം പരിചയപ്പെടുത്തുന്നതും ജപ്പാന് മുസ്ലിംകളുടെ ഹജ്, ഉംറ കര്‍മങ്ങള്‍ക്ക് ഏകോപനം നടത്തുന്നതും കണക്കിലെടുത്താണ് ഇസ്ലാമിക സേവന വിഭാഗത്തിലെ പുരസ്കാരത്തിന് ജപ്പാന് മുസ്ലിം അസോസിയേഷനെ സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്തതെന്ന് കിംഗ് ഫൈസല്‍ അവാര്‍ഡ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് അല്സുബൈല് പറഞ്ഞു.
ഇസ്ലാമിക സേവന വിഭാഗത്തിലെ അവാര്‍ഡ് ജപ്പാന് മുസ്ലിം അസോസിയേഷനൊപ്പം പ്രൊഫ. ഡോ. മുഹമ്മദ് അല്സമാകും പങ്കിട്ടു. മുസ്ലിം-ക്രിസ്ത്യന്‍ സംവാദം പ്രോത്സാഹിപ്പിക്കാന്‍ നല്കിയ തുടര്‍ച്ചയായ സംഭാവനകളും മറ്റുള്ളവരുമായുള്ള സംവാദവും ആശയവിനിമയ ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ നടത്തിയ അശ്രാന്ത പരിശ്രമവും ഇസ്ലാമും മറ്റു വിശ്വാസങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച സംവാദ സമ്മേളനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതും കണക്കിലെടുത്താണ് പ്രൊഫ. ഡോ. മുഹമ്മദ് അല്സമാകിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. സഹിഷ്ണുതയും സമാധാനവുമായും ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളിലും ബോഡികളിലും അസോസിയേഷനുകളിലും അധ്യക്ഷ സ്ഥാനവും സജീവമായ അംഗത്വവും വഹിക്കുന്നതും കൃതികളുടെയും ഗവേഷണങ്ങളുടെയും ആഴവും പ്രൊഫ. ഡോ. മുഹമ്മദ് അല്സമാകിനെ അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ പരിഗണിച്ചു.
ഇസ്ലാമിക പഠന വിഭാഗത്തില്‍ അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിലെ പ്രൊഫസര്‍ വാഇല്‍ ഹല്ലാഖിന് ആണ് അവാര്‍ഡ്. ഇസ്ലാമിക സംവിധാനങ്ങളും അവയുടെ സമകാലിക പ്രയോഗങ്ങളും എന്നതായിരുന്നു ഈ വര്‍ഷത്തെ ഇസ്ലാമിക പഠന വിഭാഗത്തിലെ വിഷയം. അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ സ്വാധീനം ചെലുത്തിയ പരമ്പരാഗതമായ ഓറിയന്റലിസ്റ്റ് രചനകള്‍ക്ക് സമാന്തരമായി ഒരു ശാസ്ത്രീയ റഫറന്‍സ് മുന്നോട്ടുവെച്ചത് കണക്കിലെടുത്താണ് ഇസ്ലാമിക പഠന വിഭാഗത്തിലെ പുരസ്കാരത്തിന് പ്രൊഫ. ഡോ. വാഇല്‍ അല്ഹല്ലാഖിനെ തെരഞ്ഞെടുത്തത്. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഇദ്ദേഹത്തിന്റെ ധാരാളം കൃതികളില്‍ ഇത് പ്രകടമാണ്. ചരിത്രത്തിലുടനീളമുള്ള ഇസ്ലാമിക നിയമനിര്‍മാണ വികാസത്തിന്റെ ഗൈഡ് നിര്‍മിക്കുന്നതിലും ഇദ്ദേഹം വിജയിച്ചു. അറബി ഭാഷാ, സാഹിത്യ വിഭാഗത്തില്‍ ഇത്തവണ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. അറബി ഭാഷ പ്രചരിപ്പിക്കാന്‍ അറബ് ലോകത്തിന് പുറത്തുള്ള സ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ എന്നതായിരുന്നു അറബി ഭാഷാ, സാഹിത്യ വിഭാഗത്തില്‍ ഇത്തവണത്തെ അവാര്‍ഡ് വിഷയം. അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട കൃതികള്‍ അവാര്‍ഡ് മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നവയായിരുന്നില്ല.
മെഡിസിന് വിഭാഗത്തില്‍ അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി പ്രൊഫസര്‍ ജെറി റോയ് മിന്ഡലിനാണ് അവാര്‍ഡ്. പെരിഫറല്‍ വൈകല്യങ്ങള്‍ക്കുള്ള ചികിത്സകള്‍ എന്നതായിരുന്നു ഈ വര്‍ഷം വൈദ്യശാസ്ത്ര വിഭാഗത്തില്‍ അവാര്‍ഡിന് നിര്‍ണയിച്ച വിഷയം. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ), ഡുചെന്‍ മസ്കുലാര്‍ ഡിസ്ട്രോഫി (ഡി.എം.ഡി), ലിംബ്-ഗര്‍ഡില്‍ മസ്കുലാര്‍ ഡിസ്ട്രോഫി എന്നിവ മൂലം ബുദ്ധിമുട്ടുന്ന രോഗികളുടെ നേരത്തെയുള്ള രോഗനിര്‍ണയം, ചികിത്സ എന്നീ മേഖലകളില്‍ നടത്തുന്ന മുന്‍നിര പ്രവര്‍ത്തനം കണക്കിലെടുത്താണ് അവാര്‍ഡിന് പ്രൊഫ. ജെറി റോയ് മിന്ഡലിനെ തെരഞ്ഞെടുത്തത്. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സയായ, സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ടൈപ്പ് -1 ഉള്ള രോഗികള്‍ക്ക് ഉയര്‍ന്ന ഡോസ് അഡിനോ-അസോസിയേറ്റഡ് വൈറസ് (എ.എ.വി) ജീന്‍ ട്രാന്‍സ്ഫര്‍ തെറാപ്പിയുടെ സുരക്ഷയും ഫലപ്രാപ്തിയും വ്യക്തമാക്കിയ ആദ്യ ഗവേഷകനാണ് ഇദ്ദേഹം.
ശാസ്ത്ര വിഭാഗത്തില്‍ ഇത്തവണ ജൈവശാസ്ത്രമായിരുന്നു അവാര്‍ഡിന് നിര്‍ണയിച്ച വിഷയം. ഈ വിഭാഗത്തില്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ പ്രൊഫ. ഹൊവാര്‍ഡ് യുവാന്‍-ഹാവൊ സാംഗ് അവാര്‍ഡിന് അര്‍ഹനായി. ജീനുകളുടെ നിയന്ത്രണത്തിലും പ്രവര്‍ത്തനത്തിലും നോണ്‍-കോഡിംഗ് ആര്.എന്‍.എകള്‍ വഹിക്കുന്ന പങ്ക് വിശദീകരിക്കുന്നതിലെ നിസ്തുല സംഭാവനകളും ഡി.എന്‍.എക്കുള്ളില്‍ റെഗുലേറ്ററി ഭാഗങ്ങള്‍ തിരിച്ചറിയാനുള്ള നൂതന രീതികള്‍ വികസിപ്പിച്ചതുമാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഈ കണ്ടെത്തലുകള്‍ തന്മാത്രാ ജീവശാസ്ത്രത്തിലും ജനിതകശാസ്ത്രത്തിലും വളരെ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തിയിട്ടുണ്ട്. സങ്കീര്‍ണമായ മനുഷ്യ രോഗങ്ങളെ മനസ്സിലാക്കുന്നതില്‍ ഇതിന് പ്രധാന പങ്കുമുണ്ട്. രാജകുമാരന്മാരും നയതന്ത്ര പ്രതിനിധികളും ചിന്തകരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


