

First Published Jan 11, 2024, 9:03 AM IST
ശ്വാസകോശ അണുബാധകളുടെ കാലമാണിതെന്ന് പറയേണ്ടി വരും. കൊവിഡ് 19 മാത്രമല്ല, സാധാരണ ജലദോഷവും പനിയും ചുമയുമെല്ലാം വ്യാപകമായി കാണുന്ന സാഹചര്യമാണ് ഇന്നുള്ളത്. നിസാരമായ ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട അസുഖങ്ങള്‍ വരെ കറങ്ങി നടക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ചികിത്സിക്കാതെയോ പരിശോധന നടത്താതെയോ വീട്ടില്‍ തന്നെ തുടരാനും പ്രയാസമാണ്.
എങ്കിലും ജലദോഷമാണ് പിടിപെട്ടിരിക്കുന്നതെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ വീട്ടില്‍ തന്നെ ചില കാര്യങ്ങളെല്ലാം ചെയ്തുനോക്കാവുന്നതാണ്. ഇതിലൂടെ ജലദോഷത്തിന് ആശ്വാസവും ലഭിക്കും. അത്തരത്തില്‍ കടുത്ത ജലദോഷവും തുമ്മലും ചുമയുമെല്ലാം ഉള്ളപ്പോള്‍ ആശ്വാസം ലഭിക്കുന്നതിനായി ചെയ്യാവുന്ന കാര്യങ്ങള്‍…
വിശ്രമം…
ജലദോഷം പിടിപെടുമ്പോള്‍ തന്നെ ഇതിന് മരുന്ന് കഴിക്കേണ്ടതില്ല. നന്നായി വിശ്രമിക്കുക. ഉറങ്ങുക. കഠിനമായി ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുക.
വെള്ളം…
ചൂടുവെള്ളം തന്നെ കുടിക്കുക. ഇത് ഇടവിട്ട് അല്പാല്പമായി നിര്‍ബന്ധമായും കുടിക്കണം. ചൂടുള്ള മറ്റ് ആരോഗ്യകരമായ പാനീയങ്ങളും നല്ലതാണ്. ഇവയെല്ലാം കഴിക്കുന്നതിലൂടെ തന്നെ ജലദോഷത്തില്‍ നിന്ന് നമുക്ക് ആശ്വാസം നല്‍കും. വെള്ളം കാര്യമായി എത്തുമ്പോള്‍ കഫത്തിന്റെ കട്ടി കുറയുകയും കഫം പെട്ടെന്ന് പുറത്തേക്ക് വരികയും ചെയ്യും. അതുപോലെ ജലദോഷമുള്ളപ്പോള്‍ തൊണ്ടയും വായുമെല്ലാം വരണ്ടിരിക്കും. ഇത് പ്രയാസമാകാതിരിക്കാനും ഇടവിട്ട് വെള്ളം കുടിക്കുന്നത് സഹായിക്കും.
മരുന്നുകള്‍…
ഇന്നത്തെ കാലത്ത് നേരത്തേ പറഞ്ഞതുപോലെ പലവിധ രോഗങ്ങളും കറങ്ങിനടക്കുന്നുണ്ട് എന്നതിനാല്‍ ഒന്നും വച്ചുകൊണ്ടിരിക്കാൻ കഴിയില്ല. അതിനാല്‍ ജലദോഷം വല്ലാതെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി ഇതിനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കാവുന്നതാണ്.
നേസല്‍ സലൈൻ…
നേസല്‍ സലൈൻ വാങ്ങി ഉപയോഗിക്കുന്നതും ജലദോഷത്തിന് ആശ്വാസം നല്‍കും. ഇത് കഫവും മറ്റ് അലര്ജന്റുകളും മൂക്കിലൂടെ പുറത്തേക്ക് കളയാൻ സഹായിക്കും.
ആവി…
ആവി പിടിക്കുന്നതും ഏറെ നല്ലതാണ്. കഫം പുറത്തേക്ക് വരാനും തലയ്ക്കും മുഖത്തിനുമെല്ലാം ഉള്ള കനം ലഘൂകരിക്കാനും അതുവഴി ആശ്വാസം ലഭിക്കാനുമെല്ലാം ആവി കൊള്ളുന്നത് ഏറെ നല്ലതാണ്.
ഉപ്പുവെള്ളം…
തൊണ്ടവേദനയുണ്ടെങ്കില്‍ ചൂട് ഉപ്പുവെള്ളം വായില്‍ അല്പനേരം കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് പല തവണകളിലായി ചെയ്യാം.
ഹ്യുമിഡിഫയര്‍…
നമ്മളിരിക്കുന്ന അന്തരീക്ഷത്തില്‍ ഒട്ടും നനവില്ലാതാകുമ്പോഴും ജലദോഷമുള്ളവര്‍ക്ക് അത് പ്രയാസകരമായിത്തീരും. അതിനാല്‍ ഹ്യുമിഡിഫയറിന്റെ ഉപയോഗം നല്ലതാണ്.
ആശുപത്രിയില്‍…
സാധാരണ ജലദോഷമാണെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുന്നതിലൂടെ തന്നെ ആശ്വാസം കണ്ടെത്താൻ സാധിക്കും. എന്നാല്‍ വളരെയധികം തളര്‍ന്ന നിലയിലാകുകയോ, തലവേദന, മേലുവേദന., വയറിന് പ്രശ്നം, ശ്വാസതടസം പോലുള്ള പ്രയാസങ്ങള്‍ ചെറുതായിട്ടെങ്കിലും നേരിടുന്നുണ്ടെങ്കിലോ തീര്‍ച്ചയായും പെട്ടെന്ന് ആശുപത്രിയില്‍ പോയി കൊവിഡ് പരിശോധന അടക്കമുള്ള പരിശോധന നടത്തുന്നതാണ് നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Jan 11, 2024, 9:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]