തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാടിനെ പരോക്ഷമായി വിമർശിച്ചും എൻഎസ്എസ് രംഗത്ത്. രാഷ്ട്രീയം പറഞ്ഞ് അയോധ്യ ചടങ്ങ് ബഹിഷ്ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എൻഎസ്എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കോൺഗ്രസിന്റെ പേര് പറയാതെയാണ് വിമർശനം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം ഉചിതവും അങ്ങേയറ്റം സ്വാഗതാര്‍ഹവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധീരമായ ഈ തീരുമാനം ഇടവരുത്തുമെന്നും വി.എം.സുധീരൻ പറഞ്ഞു. ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് തീരുമാനം.
ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരേയും തീരുമാനമെടുത്തിരുന്നില്ല. ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം കോൺഗ്രസ് പറയുന്നത്.
സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും, നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ നീളും
അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു. നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
Last Updated Jan 10, 2024, 8:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]